2020, ഡിസംബർ 31, വ്യാഴാഴ്‌ച

ചെമ്പരത്തിച്ചിരി (കവിത )


പത്രമെറിയുന്ന പയ്യനെ കണ്ടില്ല,

പാൽവണ്ടി വന്നോരിരമ്പലും കേട്ടില്ല! 

ചായയനത്തുവാൻ വാതകവുമില്ല;                       

വാർത്തയ്ക്കു കാതോർക്കാൻ  

വൈദ്യുതിയുമില്ല!!                                                      

നെറ്റി,ചുളിക്കേണ്ട നെറ്റുള്ള ഫോണില്ല,                   

പെറ്റമ്മയാണേ, പിശുക്കനുമല്ല ഞാൻ.              

ചെക്കന്റെ കൈയിലെ 

ഫോണൊന്ന്നോക്കിടാ-                                          

നൊക്കില്ലെനിക്കൊരു കുന്തോമറിയില്ല!!             

സ്തംഭനമന്താണ്? ചിന്തിച്ചു നിൽക്കവേ..,      

ചെമ്പരത്തിപ്പൂവ് ചാഞ്ചാടി നോക്കുന്നു.                

നൊമ്പരം ചാറുന്ന വർണ്ണവും തൂകി നീ-            

എന്തിനെൻ നെഞ്ചിലെ വേദന കൂട്ടുന്നു..?!         

ഭാഷണം ഉച്ചത്തിൽ കേൾക്കുന്നു വീഥിയിൽ,    

റിക്ഷയിൽ കൊടിപാറി പോകും വിളംബരം!      

ഭിക്ഷയ്ക്കായെൻമുന്നിൽവന്നൊ,രാളാനേരം

രോഷപ്രകടനമാണെന്നയാൾ ചൊല്ലി..!            

എന്താണ് രോഷത്തിൽ കാരണമെന്നോരോ-                

ചിന്തയിലാണ്ടു ഞാൻ നിന്നു കുറേ നേരം.           

പാത്രമനങ്ങുന്നയൊച്ച കേട്ടപ്പോഴോ,                                              

ഭാര്യയുണർന്ന കാര്യമറിഞ്ഞതും,                                                           

ചിന്തയുണർന്നതും, ചെക്കൻ മുറുത്തതും-                           

* കോളാമ്പി കൂടാതെയൊച്ച ഉണർന്നതും,              

ഒപ്പമലറി ഞാൻ രോഷം പകുത്തതും,                  

അഞ്ചു നിമിഷം യുദ്ധം നയിച്ചതും!!                                                          

@@@@@@@@@@@@

ഒരുചെറുപാത്രത്തിൽ ഇത്തിരി വെള്ളം ഞാൻ,            

വരണ്ടതൊണ്ട നനച്ചു കുടിച്ചീടവേ,    

തൊടിയിൽ തീക്കണ്ണുമായി നിൽക്കുന്നൊരാ-

ചെമ്പരത്തിപൂവ് ഞെട്ടറ്റു വീഴുന്നു..!!  

ചോരപ്പുഴയിലലച്ചു നീന്തിടുന്നു,            

ഒരു ജന്മശാപം അലിഞ്ഞു തീരും പോലെ!!                 

* കോളാമ്പി=ഉച്ചഭാഷിണി

സുനിൽരാജ്സത്യ 

മധുരപ്രണയം (കവിത )


മഞ്ഞിന്റെ തൂവൽ പറന്നിറങ്ങുംപോലെ,

മൃദുവായ് പതിയുന്നു പ്രണയം. 

പരസ്പരം മിഴി നോക്കും 

മൗനസ്വപ്നങ്ങളിൽ പൂവമ്പെയ്യും പ്രണയം! 


പുസ്തകത്താളിലെ 

അക്ഷര കൂട്ടത്തിൽ, 

നഖമുന എഴുതുന്ന പ്രണയം.

ഒറ്റയ്ക്കിരുന്നാലും കൂടൊരാളുണ്ടെന്ന 

തോന്നലിൽ തുടങ്ങുന്നു പ്രണയം!


കുളിരുള്ള ഓർമ്മകൾ 

മഴയുടെ ഈണമായി 

പെയ്തൊഴിയുന്ന പ്രണയം. 

ആകാശം ചാലിച്ച വർണ്ണ വസന്തത്തിൽ, 

മോഹങ്ങൾ മിഴി നോക്കും പ്രണയം! 


തണലുള്ളൊരാ വാകപ്പൂ മരച്ചോട്ടിലെ- 

തരളമാം കാറ്റിൽ പ്രണയം. 

ഇട വഴിത്താരയിൽ മിഴിപൂട്ടി നിൽക്കവേ, 

ചുണ്ടിൽ പകർന്നത് പ്രണയം!

മധുരം നിറഞ്ഞൊരു പ്രണയം!!

 സുനിൽരാജ്സത്യ 



2020, ഡിസംബർ 30, ബുധനാഴ്‌ച

ജനിക്കേണ്ടിയിരുന്നില്ല..! (ചിന്ത )


സൃഷ്ടിക്കപ്പെടുക.... ജന്മമെടുക്കുക... ഉത്ഭവിക്കുക..... ഇവയെല്ലാം ജനനത്തിന്റെ വകഭേദങ്ങൾ ആണല്ലോ! 

ഏറെ സന്തോഷം തരുന്ന ഒന്നാണ് ജനനം. ഓരോ ജനനത്തിന് പിന്നിലുമുള്ള നൊമ്പരങ്ങൾ ആണ് ആ സൃഷ്ടിയോട് സ്നേഹം തോന്നിക്കുന്നത്. 

അമ്മയ്ക്ക് മക്കളോട്... കവിക്ക് കവിതകളോട്... കർഷകന്  വിളകളോട് അങ്ങിനെയങ്ങിനെ....! 

ജന്മംകൊണ്ട മനുഷ്യസമൂഹം മാത്രം പരസ്പരബഹുമാനവും കടമകളും നിറവേറ്റി മുന്നോട്ടുപോകുന്നു! സസ്യഭുക്കുകളായ മൃഗങ്ങളിൽ മുലകുടി മാറും വരെയെങ്കിലും ലാളനകളും, സ്നേഹപ്രകടനങ്ങളും കാണാറുണ്ട്!

എന്നാൽ മൃഗങ്ങളിലും ക്രൂരൻ ആവാൻ മനുഷ്യന് കഴിയുമെന്ന് എത്രയോ ഉദാഹരണങ്ങൾ...!

അമ്മയെ തല്ലുന്ന മകൻ, അച്ഛനെ കൊല്ലുന്ന മകൾ, ഭാര്യ ചവിട്ടുന്ന ഭർത്താവ്.... ഇത്യാതി സംഭവങ്ങൾ നിത്യേനയെന്നോണം നാം കേട്ടുകൊണ്ടിരിക്കുന്നു! 

ജന്മം നൽകിയവരും, ജന്മം കൊണ്ടവരും തമ്മിലുള്ള ഇത്തരം അകൽച്ചകളെയും, അക്രമങ്ങളെയും പറ്റി ചിന്തിക്കുമ്പോൾ, ഐറിഷ് എഴുത്തുകാരൻ സാമുവൽ ബെക്കറ്റ് പറഞ്ഞ 'The only sin is the sin of being born' എന്ന വാചകം ഓർത്തുപോകുന്നു.

ജന്മം കൊടുത്ത ശേഷം മരണതുല്യം ജീവിച്ചിരിക്കുന്ന ഒരു സമൂഹത്തെ മറക്കാതിരിക്കുകയും, കരുതൽ നൽകുകയുമാണ് സമൂഹത്തിന് ചെയ്യാനുള്ള നല്ല കാര്യം.



സുനിൽരാജ്സത്യ 

മദ്യത്തിന്റെ മരണജാലം (കവിത )

 

തെളിയാതെ തെളിയാതെ കലങ്ങിക്കിടക്കുന്ന -

കയമാണീ ജീവിത പ്രകൃതം ..

പുലരാതെ പുലരാതെ മയങ്ങിക്കിടക്കുന്ന -

ഇരവാണീ, മദിരാപ്രണയം ..!!


മനുഷ്യനായ് പിറവിയെടുത്ത പുണ്യം -

മറന്നു പോകുവതെന്തു കഷ്ടം ?!

കരളു കരിക്കും 'വിഷം' പാനം ചെയ്തു -

മരണം വിലയ്ക്ക് വാങ്ങരുതേ..!!


കദനത്തെയാട്ടിയകറ്റുവാനോ ,

ഭാവനയൂട്ടി വളര്‍ത്തുവാനോ ,

കഴിയുകയില്ലീ, ലഹരിപേയത്താല്‍ -

കുടുംബച്ഛിദ്രം മാത്രം ഫലം ..!!


കനിവാകെവറ്റി കലിബാധയേറി-

കടബാധ്യതയില്‍ മുങ്ങിടുമ്പോള്‍ ,

തുടം വെള്ളം കിട്ടാതുഴലുകയെന്നതേ


-

കുടി കൊണ്ടുനേടുവതൊറ്റഫലം !!

-സുനിൽരാജ്സത്യ 

തിരുവാതിര (ഗാനം )



ധനുമാസ ചന്ദ്രിക തനുവിന്റെ സൗന്ദര്യം പകർന്നു തരുംരാവ് തിരുവാതിര!

കുളിർമഞ്ഞിൻ ഇളം വിരൽ മെല്ലെ തഴുകുമ്പോൾ ശൃംഗാരപദം പാടും തിരുവാതിര! 


പാതിരാപൂവുകൾ ആകാശ മുടിക്കെട്ടിൽ മിന്നിത്തിളങ്ങുന്ന തിരുവാതിര! 

യൗവനം തുളുമ്പുന്ന തരുണികൾ മനതാരിൽ പ്രണയം കരുതുന്ന തിരുവാതിര!


വെറ്റില മുറുക്കിയ ചുണ്ടിലെ ചോപ്പുമായി പാട്ടുകളൊഴുക്കുന്ന തിരുവാതിര!

വൃത്തത്തിലാടിയും ചിത്തത്തിലേറിയും നല്ല ചിത്രം തരും തിരുവാതിര!

-


സുനിൽരാജ്സത്യ 

2020, ഡിസംബർ 29, ചൊവ്വാഴ്ച

വാർത്തകൾ മങ്ങുന്നതെന്തുകൊണ്ട്?! (ചിന്ത )

 



ഓരോ പ്രഭാതത്തിലും പത്രങ്ങളെ പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വായനക്കൂട്ടം ഉണ്ടായിരുന്നു കേരളത്തിൽ! 

അവരുടേത് സമൂഹത്തിനോടുള്ള പ്രതിബദ്ധത ആയിരുന്നോ, അതോ രാഷ്ട്രീയത്തിലുള്ള അവേശമായിരുന്നോ, അതുമല്ലെങ്കിൽ, ഏതൊരുവന്റേയും വ്യക്തിത്വത്തിലേക്ക്  ഒളിഞ്ഞു നോക്കാനുള്ള തത്രപ്പാട് ആയിരുന്നുവോ..?! 

പൊതുവേ മലയാളികളായ ആണിനും പെണ്ണിനുമുണ്ടെന്ന് പറയപ്പെടുന്ന ''പരകാര്യ ജിജ്ഞാസ'' യ്ക്കുള്ള സാധ്യതയും കൂടുതലാണ്! 

വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം മാധ്യമരംഗത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്. 

കറുപ്പും വെളുപ്പും അച്ചടിയിൽ നിന്ന് നിറങ്ങൾ ചാർത്തിയുള്ള പത്രങ്ങൾ വന്നതായിരുന്നു പ്രകടമായ, ആദ്യമാറ്റം! 

ആധുനികവൽക്കരിച്ച അച്ചടി ശാലകളിൽ നിന്നും പത്രങ്ങൾ പല വർണ്ണങ്ങളിൽ, പലരൂപങ്ങളിൽ പുറത്തിറങ്ങി തുടങ്ങി. കേരളത്തിൽ ഒരു ജില്ലയിൽ മാത്രം ഓഫീസ് ഉണ്ടായിരുന്ന പല പത്രങ്ങളും, അവരുടെ പത്രങ്ങൾക്ക് വേരോട്ടമുള്ള മണ്ണുകളിൽ പുതിയ ഓഫീസ് സ്ഥാപിച്ചതും, പിന്നീട് അവിടെ നിന്ന് അച്ചടി ആരംഭിച്ചതും ചരിത്രം! 

ഓരോ ജില്ലയ്ക്കും ഓരോ പേജുകളും മാറ്റിവെച്ചു. അങ്ങിനെ നാഷണൽ എഡിഷൻ, സ്റ്റേറ്റ് എഡിഷൻ, ഡിസ്ട്രിക്ട് എഡിഷൻ...., ശേഷം ഒരു ഏരിയ  എഡിഷൻ...!!

വെബ് യുഗത്തിന്റെ വരവോടെ ഓരോ കുടുംബത്തിനും ഒരു പത്രം എന്ന നിലയിലേക്ക് വരാനായുള്ള സാധ്യതയും വിദൂരമല്ലാതായിരിക്കുന്നു!

എല്ലാ വ്യവസായത്തെയുമെന്നപോലെ, കൊറോണ പത്ര വ്യവസായത്തെയും ബാധിച്ചു!

പൊതുവിൽ സർക്കുലേഷൻ കുറവെങ്കിലും പ്രമുഖ പത്രങ്ങൾ അത് മൂടി വച്ചു കൊണ്ടാണ് പ്രവർത്തിച്ചിരുന്നതെന്ന്  അറിയുന്നു.

അച്ചടി മാധ്യമങ്ങളുടെ തന്നെ സഹോദര സ്ഥാപനങ്ങളായ  ടെലിവിഷൻ മാധ്യമങ്ങളിൽ, സെക്കൻഡുകൾ തോറും ഉപ്പും മുളകും ചേർത്തുള്ള വാർത്തകൾ വരുന്നത് മതിയായിരുന്നു, കോവിഡ് കാലം ജനങ്ങൾക്ക് ആഘോഷിക്കാൻ...!! 

പരസ്യങ്ങളിലൂടെ വരുമാനം വാരിക്കൂട്ടി കൊണ്ട് ജനങ്ങളുടെ വാർത്താസ്വാദന ശേഷിയെ മുതലെടുക്കുകയായിരുന്നു ഈ വാർത്താമാധ്യമങ്ങൾ. 

രാഷ്ട്രീയ- സിനിമാ സെലിബ്രിറ്റികളുടെ പിറകേ നടന്നു തങ്ങൾ ഉണ്ടാക്കിയെടുക്കുന്ന  ''പെയ്ഡ് വാർത്താ സംസ്കാരം'', ജനങ്ങൾ ആഘോഷമാക്കാറുണ്ടെങ്കിലും, സ്ഥിരീകരിച്ച വാർത്തകൾക്കു തന്നെയാണ് ഇപ്പോഴും ആളുകൾ വില കൊടുക്കുന്നത് എന്ന് നമുക്ക് കാണാം. 


സ്വന്തം വിരൽത്തുമ്പിൽ ഉള്ള യന്ത്രത്തിൽ അതിനുള്ള സാധ്യതയുള്ളപ്പോൾ, യാഥാർത്ഥ്യം തമസ്ക്കരിക്കുന്ന മാധ്യമ വീരന്മാർക്ക് ഇന്ന് യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നതായാണ് വ്യക്തമാവുന്നത്.

-സുനിൽരാജ്സത്യ 

വനപർവ്വം (കവിത )


 
കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം 
കാട്ടു പൂമരം പൂത്തൊരുങ്ങണകാഴ്ചകളും വേണം!

കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം, 
കാട്ടു പക്ഷികൾ പാട്ടുപാടണ കേൾവികളും വേണം. 

കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം,
കാട്ടു വന്യത വേട്ടയാടണ രൗദ്ര താളം വേണം !!                                                                       

ഇലയനങ്ങണ മൃദുരവങ്ങളിൽ തലമുറയ്ക്ക് വണക്കം!    
അലയടിക്കും കാറ്റിലെങ്ങോ വിലപിടിച്ച സുഗന്ധം! 

കാടെനിക്ക് വേണം, കാട്ടാറെനിക്കു വേണം, 
കാട്ടറിവ്  വേണം, കാറ്റിരമ്പിന്നീണം കേട്ടറിഞ്ഞ്
കാട്ടിനുള്ളിൽ നടനടന്ന്  പോണം.

കാഴ്ചകണ്ടു പോണം, താഴ്ച നോക്കിവേണം                                            കരിയിലകൾ കിലുകിലുക്കി നടനടന്നു പോണം!                                                                  

കാടെനിക്ക് വേണം, കാട്ടാറെനിക്ക് വേണം.                                                          

ഒരുമരഛായേലെനിക്കുറങ്ങാം, 
ഒരു മരക്കായാൽ വിശപ്പകറ്റാം,
അരുവിജലത്തിൽ  വിയർപ്പൊഴുക്കാം, 
തരുവെന്റെ താങ്ങായുണർന്നിരിക്കും! 
കാടെനിക്ക് വേണം, കാട്ടാറെനിക്ക് 
വേണം.                                                             

കാടെന്റെ സ്വർഗ്ഗം, കാടെന്റെ ദൈവം, 
''കാടത്തം'' ഇല്ലാത്ത കാടെന്റെ ലോകം! 
കാട്ടുകനീതിയീകാടനോട്,
കാടിന്റെ ഉള്ളിലെ -
''കാടത്ത''മില്ലാത്ത കാടനോട്
കാട്ടുകനീതി                                           
പട്ടണമേ!!

-സുനിൽരാജ്സത്യ