2021, മേയ് 14, വെള്ളിയാഴ്‌ച

സ്വരക്കൂട്

*അ* യെന്നക്ഷരം കൂടുതൽ 
മിഴിവെന്നമ്മ പറയുന്നെപ്പോഴും. 
''*ആ* വോ, എന്തെന്നെനിക്കറിയില്ല'' 
-അച്ഛന് ജോലിത്തിരക്കത്രേ...! 
*ഇ* യാണഴകിലിരിക്കും സ്വരമത്
*ഈ* ണത്തിലെന്നിളയമ്മ!
*ഉ* വാണെന്നും ഉയിരുള്ളക്ഷരം-
*ഊ* റ്റം കൊണ്ടെന്നമ്മാവൻ! 
*ഋ* തുക്കൾ, ആറും പോലെന്തുണ്ട് 
രമണീയം, ഈ മലനാട്ടിൽ...?!
( *ഋ* ഷികൾ പോലും സ്മരണീയർ -
ദേവകളൈശ്വര്യം തൂവുന്നോർ..!)
*എ* യെന്നിങ്ങനെ അക്ഷരമില്ലേൽ,  
 *ഏ* തൊരു ഭാഷണം ഉലകിൽ വരും !? 
*ഐ*  യില്ലാതൊരു ഐക്യവുമില്ല 
*ഒ* ന്നിച്ചുയരാനാവില്ല! 
*ഓ* യില്ലാത്തൊരു ഓണവുമില്ല; 
 *ഓ* ടം തുഴയാനാവില്ല! 
*ഔ* വില്ലാതെ കാട്ടുവതെങ്ങിനെ 
*ഔ* ൽസുക്യം, നാം രചനകളിൽ?!
 *അം* ബരംപോലനന്തമാം ജ്ഞാനം,
 *അ*   മ്മ,യംബികയേകുന്നു!!

 -സുനിൽരാജ്സത്യ 

2021, മേയ് 9, ഞായറാഴ്‌ച

മുറിവുകൾ
ഹൃദയം തുടിക്കുന്ന മാത്രകളത്രയും-
മൃദുലേ നിനക്കുള്ള പ്രാർത്ഥനകൾ!
പ്രണയം നിറഞ്ഞെന്റെ ധമനികൾ വിങ്ങുമ്പോൾ            
പ്രളയമായെത്തുന്നു ഭാവനകൾ!! 

നറുമൊഴി കേൾക്കുവാൻ കൊതിപൂണ്ടു ഞാനൊരു- 
കുറിമാനം കുത്തി കുറിച്ചിരിക്കേ, 
ചിരികളിൽ കുപ്പിവളകൾ കിലുക്കി നീ- 
ചൊരിമണൽ പാത കടന്നു വന്നു. 

നോവുംവിരഹത്തിൻ നാവ് മുറിച്ചെന്ന്-
നാമൊന്ന് കൂട്ടായി ഒത്തുചേരും? 
മൗനം പിടയുമ്പോൾ നമ്മൾക്കിടയിലോ- 
മോഹമന്ത്രങ്ങളിടകലരും! 

കാലം, നിറയ്ക്കും പ്രണയത്താൽ തൂലിക- 
ജാലം രചിക്കാൻ നിനച്ചിരിപ്പൂ. 
വന്നു പകർന്നെന്നിൽ രോമഹർഷങ്ങളും, 
നന്നായി നീറും നഖക്ഷതവും!!

സുനിൽരാജ്സത്യ