2020, ഡിസംബർ 29, ചൊവ്വാഴ്ച

വാർത്തകൾ മങ്ങുന്നതെന്തുകൊണ്ട്?! (ചിന്ത )

 



ഓരോ പ്രഭാതത്തിലും പത്രങ്ങളെ പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വായനക്കൂട്ടം ഉണ്ടായിരുന്നു കേരളത്തിൽ! 

അവരുടേത് സമൂഹത്തിനോടുള്ള പ്രതിബദ്ധത ആയിരുന്നോ, അതോ രാഷ്ട്രീയത്തിലുള്ള അവേശമായിരുന്നോ, അതുമല്ലെങ്കിൽ, ഏതൊരുവന്റേയും വ്യക്തിത്വത്തിലേക്ക്  ഒളിഞ്ഞു നോക്കാനുള്ള തത്രപ്പാട് ആയിരുന്നുവോ..?! 

പൊതുവേ മലയാളികളായ ആണിനും പെണ്ണിനുമുണ്ടെന്ന് പറയപ്പെടുന്ന ''പരകാര്യ ജിജ്ഞാസ'' യ്ക്കുള്ള സാധ്യതയും കൂടുതലാണ്! 

വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം മാധ്യമരംഗത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്. 

കറുപ്പും വെളുപ്പും അച്ചടിയിൽ നിന്ന് നിറങ്ങൾ ചാർത്തിയുള്ള പത്രങ്ങൾ വന്നതായിരുന്നു പ്രകടമായ, ആദ്യമാറ്റം! 

ആധുനികവൽക്കരിച്ച അച്ചടി ശാലകളിൽ നിന്നും പത്രങ്ങൾ പല വർണ്ണങ്ങളിൽ, പലരൂപങ്ങളിൽ പുറത്തിറങ്ങി തുടങ്ങി. കേരളത്തിൽ ഒരു ജില്ലയിൽ മാത്രം ഓഫീസ് ഉണ്ടായിരുന്ന പല പത്രങ്ങളും, അവരുടെ പത്രങ്ങൾക്ക് വേരോട്ടമുള്ള മണ്ണുകളിൽ പുതിയ ഓഫീസ് സ്ഥാപിച്ചതും, പിന്നീട് അവിടെ നിന്ന് അച്ചടി ആരംഭിച്ചതും ചരിത്രം! 

ഓരോ ജില്ലയ്ക്കും ഓരോ പേജുകളും മാറ്റിവെച്ചു. അങ്ങിനെ നാഷണൽ എഡിഷൻ, സ്റ്റേറ്റ് എഡിഷൻ, ഡിസ്ട്രിക്ട് എഡിഷൻ...., ശേഷം ഒരു ഏരിയ  എഡിഷൻ...!!

വെബ് യുഗത്തിന്റെ വരവോടെ ഓരോ കുടുംബത്തിനും ഒരു പത്രം എന്ന നിലയിലേക്ക് വരാനായുള്ള സാധ്യതയും വിദൂരമല്ലാതായിരിക്കുന്നു!

എല്ലാ വ്യവസായത്തെയുമെന്നപോലെ, കൊറോണ പത്ര വ്യവസായത്തെയും ബാധിച്ചു!

പൊതുവിൽ സർക്കുലേഷൻ കുറവെങ്കിലും പ്രമുഖ പത്രങ്ങൾ അത് മൂടി വച്ചു കൊണ്ടാണ് പ്രവർത്തിച്ചിരുന്നതെന്ന്  അറിയുന്നു.

അച്ചടി മാധ്യമങ്ങളുടെ തന്നെ സഹോദര സ്ഥാപനങ്ങളായ  ടെലിവിഷൻ മാധ്യമങ്ങളിൽ, സെക്കൻഡുകൾ തോറും ഉപ്പും മുളകും ചേർത്തുള്ള വാർത്തകൾ വരുന്നത് മതിയായിരുന്നു, കോവിഡ് കാലം ജനങ്ങൾക്ക് ആഘോഷിക്കാൻ...!! 

പരസ്യങ്ങളിലൂടെ വരുമാനം വാരിക്കൂട്ടി കൊണ്ട് ജനങ്ങളുടെ വാർത്താസ്വാദന ശേഷിയെ മുതലെടുക്കുകയായിരുന്നു ഈ വാർത്താമാധ്യമങ്ങൾ. 

രാഷ്ട്രീയ- സിനിമാ സെലിബ്രിറ്റികളുടെ പിറകേ നടന്നു തങ്ങൾ ഉണ്ടാക്കിയെടുക്കുന്ന  ''പെയ്ഡ് വാർത്താ സംസ്കാരം'', ജനങ്ങൾ ആഘോഷമാക്കാറുണ്ടെങ്കിലും, സ്ഥിരീകരിച്ച വാർത്തകൾക്കു തന്നെയാണ് ഇപ്പോഴും ആളുകൾ വില കൊടുക്കുന്നത് എന്ന് നമുക്ക് കാണാം. 


സ്വന്തം വിരൽത്തുമ്പിൽ ഉള്ള യന്ത്രത്തിൽ അതിനുള്ള സാധ്യതയുള്ളപ്പോൾ, യാഥാർത്ഥ്യം തമസ്ക്കരിക്കുന്ന മാധ്യമ വീരന്മാർക്ക് ഇന്ന് യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നതായാണ് വ്യക്തമാവുന്നത്.

-സുനിൽരാജ്സത്യ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ