2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ഭാര്യനിന്റെ വിരലുകൾ- 

അവളുടെ ഉടലിലുരയണം. 

നിന്റെ വാക്കുകൾ അവളുടെ 

കാതിലൊഴുകണം.

നിന്റെ ആലിംഗനത്തിൽ അവളുടെ 

മാറിടം ചുരത്തണം !!


നീയൊരു ഗുമസ്തനാവാം. 

തുരുമ്പിച്ച ടൈപ്പ്റൈറ്ററുകളുടെ 

ഘർഷണമുള്ള അക്ഷരക്കട്ടകൾ 

അമർത്തിവിടുന്ന വിരലുകളാലെ, 

അവളിൽ അനുഭൂതി പകരുക.

വീട്ടിൽ, 

നിന്റെ കരങ്ങളും നോട്ടങ്ങളും വാക്കുകളും തരളമായിരിക്കട്ടെ!! 


നീയൊരു ഡ്രൈവറാകാം നിന്റെ ജോലിയുടെ ആയാസത്തിൽ ക്ഷീണിച്ചു തളരാം! 

പക്ഷേ നിന്നെ കാത്തിരിക്കുന്ന, 

നിനക്കറിയാത്ത, 

നിനക്ക് വേണ്ടിയുള്ള ജോലിചെയ്യുന്ന- 

അവളെ കരതലംനീട്ടി പുണരുക. 

ഒരു നല്ല വാക്ക് കാതിൽ തിരുകുക..! 


നീയൊരു കൂലിപ്പണിക്കാരൻ ആവാം നിത്യവേതനത്തിന് അധ്വാനിച്ചവൻ. 

വേർപ്പുറഞ്ഞ്, മൺപറ്റിയിരിക്കാം... പക്ഷേ, ആ വേർപ്പിൻ ചൂരിൽ

മുഖം ചേർത്തിരിക്കാൻ കൊതിക്കുന്നവളാണ് വീട്ടിൽ! 

നീ കുടിച്ച കള്ളിൻമണം ചേർത്ത്-

ഒരുമ്മ നൽകിയാൽ മതിയവൾക്ക് !! 

സ്വർണ്ണവും, തേനും കൊതിക്കാത്തവൾ !! 


നീയൊരു കവിയാണല്ലേ..

വികാരങ്ങളെ ചിലമ്പണിയിക്കുന്നവൻ...?

നിന്റെ തൂലികയിൽ തുളുമ്പുന്ന പ്രണയവും,മോഹവും

അവൾക്കു നീ നൽകുമെന്നറിയാം.

നിനക്കല്ലാതെ മറ്റാർക്കതിന് കഴിയും?! അതും മറ്റൊരാൾ പറയാതെ...! 

എങ്കിലും പറയട്ടെ, 

അവൾ കാത്തിരിക്കുന്നുണ്ട് 

ഒരു നല്ല വാക്ക്, ഒരു നല്ല നോക്ക്,

ഒരുകൊച്ചാലിംഗനം... 

മാത്രം മതി!!

-സുനിൽരാജ്സത്യ 

2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

അവാർഡിലെ അലോസരങ്ങൾ..!!

 


 ''സമ്മാനിക്കു''ക അല്ലെങ്കിൽ ''നൽകു''ക എന്നതിന്റെ അർത്ഥം മറന്നു പോയവരാണോ, സാംസ്കാരിക കേരളത്തിന്റെ നായകസ്ഥാനത്തുള്ളവർ?! 


നിരത്തിവച്ച ഫലകങ്ങളും പേരെഴുതിവച്ച പണക്കിഴികളും ഏന്തിവന്നെടുത്തു കൊണ്ടു പോകുന്നത് കണ്ടാൽ പണ്ടുകാലത്തെ വരേണ്യരുടെ തറവാട്ടുമുറ്റത്ത് വന്ന് ദാനം വാങ്ങുന്ന ''അടിയാളു''ടെ അവസ്ഥയാണ് ഓർമ്മവരുന്നത്!! 


(ജന്മിത്തത്തിനെതിരെ നാഴികയ്ക്കു നാൽപ്പതുവട്ടം മുദ്രാവാക്യം ജപിക്കുന്നവരുടെ ഭരണകാലം കൂടിയാണിതെന്ന് മറന്നൂടാ..!!)


ഒരുവന്റെ സർഗ്ഗ പ്രതിഭയാണ്, അവനംഗീകരിക്കപ്പെടാൻ കാരണം! 

എന്നാൽ നമ്മുടെ നാടിനെ സംബന്ധിച്ച് ചില രാഷ്ട്രീയക്കാരുടെ പാർശ്വവർത്തികളെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ് അവർക്കുള്ള അംഗീകാരമായി കല്പിക്കപ്പെട്ടിട്ടുള്ളത്. 


കുത്തകകളെ പരിപോഷിപ്പിക്കാനും അതിലൂടെ പാവപ്പെട്ടവന്റെ പോക്കറ്റടിക്കാനും സർക്കാർ സംവിധാനം ഒരുക്കിയിട്ടാണ് ഈ ''തൊട്ടുകൂടായ്മ'' കാണിക്കുന്നത് എന്നോർക്കുമ്പോൾ അറപ്പ് തോന്നുന്നു!! 


യഥേഷ്ടം മദ്യശാലകളും സിനിമാ തീയേറ്ററുകളും തുറന്നു കൊടുത്ത ശേഷം പൊതുവേദികളിൽ വിളിച്ചുവരുത്തിയ കലാ പ്രവർത്തകരെ തീണ്ടാപ്പാടകലെ നിർത്തി മോഷ്ടാക്കളായി അവതരിപ്പിച്ച രീതി ഒട്ടുംതന്നെ നീതീകരിക്കാൻ ആവുന്നതല്ല! 


കേരളത്തിന്റെ സാംസ്കാരിക തലങ്ങളിലും ''ധാർഷ്ട്യ''ത്തിന്റെ തീപ്പൊരി പറക്കുന്നതിന്റെ സൂചനയായി സംസ്ഥാന സിനിമാ അവാർഡ് ദാനത്തെ കാണേണ്ടിയിരിക്കുന്നു..!


-സുനിൽരാജ്സത്യ കണ്ണീരുപ്പ്


 

കണ്ണീർ തുടയ്ക്കുക പ്രിയസഖീ നീ... 

കരളുരുകുന്ന വേദനകൾ- 

മറവിയുടെ കയങ്ങളിലെറിയുക. 

ജീവിത പാതകൾ ബഹുദൂരം 

മുന്നിലുണ്ടതിലേറെ സഞ്ചാരം ചെയ്ക വേണം!! 


കവിളുകൾ, നീർച്ചാലായി മാറ്റിടൊല്ലേ...

കുടുംബവിളക്കിൻ തിരിയിതല്ലേ..?!

ഗദ്ഗദം തൂവി മൊഴിഞ്ഞിടല്ലേ... 

കവിതകൾ പാടി തരേണ്ടതല്ലേ...!? 


പിരിഞ്ഞതല്ലല്ലൊ നാം, രണ്ടു ദിക്കിലേക്കും- 

ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മാത്രം! 

പ്രണയകാറ്റോർമ്മയിൽ വീശിടുമ്പോൾ- 

ശിഖരത്താൽ കെട്ടിപ്പുണർന്നിടുവോർ..! 


കൊടുംവെയിൽ വന്നാലും, 

പ്രളയം പടർന്നാലും,

കടപുഴകാതെ നാം നിന്നു പോകും !! 

നമ്മിൽ വസന്തം വിടർത്തും ചിനപ്പുകൾ- 

ഹരിത പ്രണയത്തിൻ ലാസ്യഭാവം!! 


ഒരു മഴ തോരാതെ പെയ്യുന്ന രാക്കാലം- 

തളരാതെ നിന്നിൽ പടർന്നിറങ്ങും. 

ഇന്നു നീ വാർത്തൊരാ കണ്ണീർ ലവണങ്ങൾ 

എന്നധരത്താൽ കവർന്നെടുക്കും!! 


അതുവരെ പ്രിയസഖീ കരയാതിരിക്കുക.., 

കണ്ണീർ തുടയ്ക്കുക...,                  

കരളുരുകുന്ന വേദനകൾ മറവിയുടെ 

കയങ്ങളിലേക്കെറിയുക...!

 സുനിൽരാജ്സത്യ