2020, ഡിസംബർ 30, ബുധനാഴ്‌ച

മദ്യത്തിന്റെ മരണജാലം (കവിത )

 

തെളിയാതെ തെളിയാതെ കലങ്ങിക്കിടക്കുന്ന -

കയമാണീ ജീവിത പ്രകൃതം ..

പുലരാതെ പുലരാതെ മയങ്ങിക്കിടക്കുന്ന -

ഇരവാണീ, മദിരാപ്രണയം ..!!


മനുഷ്യനായ് പിറവിയെടുത്ത പുണ്യം -

മറന്നു പോകുവതെന്തു കഷ്ടം ?!

കരളു കരിക്കും 'വിഷം' പാനം ചെയ്തു -

മരണം വിലയ്ക്ക് വാങ്ങരുതേ..!!


കദനത്തെയാട്ടിയകറ്റുവാനോ ,

ഭാവനയൂട്ടി വളര്‍ത്തുവാനോ ,

കഴിയുകയില്ലീ, ലഹരിപേയത്താല്‍ -

കുടുംബച്ഛിദ്രം മാത്രം ഫലം ..!!


കനിവാകെവറ്റി കലിബാധയേറി-

കടബാധ്യതയില്‍ മുങ്ങിടുമ്പോള്‍ ,

തുടം വെള്ളം കിട്ടാതുഴലുകയെന്നതേ


-

കുടി കൊണ്ടുനേടുവതൊറ്റഫലം !!

-സുനിൽരാജ്സത്യ 

തിരുവാതിര (ഗാനം )



ധനുമാസ ചന്ദ്രിക തനുവിന്റെ സൗന്ദര്യം പകർന്നു തരുംരാവ് തിരുവാതിര!

കുളിർമഞ്ഞിൻ ഇളം വിരൽ മെല്ലെ തഴുകുമ്പോൾ ശൃംഗാരപദം പാടും തിരുവാതിര! 


പാതിരാപൂവുകൾ ആകാശ മുടിക്കെട്ടിൽ മിന്നിത്തിളങ്ങുന്ന തിരുവാതിര! 

യൗവനം തുളുമ്പുന്ന തരുണികൾ മനതാരിൽ പ്രണയം കരുതുന്ന തിരുവാതിര!


വെറ്റില മുറുക്കിയ ചുണ്ടിലെ ചോപ്പുമായി പാട്ടുകളൊഴുക്കുന്ന തിരുവാതിര!

വൃത്തത്തിലാടിയും ചിത്തത്തിലേറിയും നല്ല ചിത്രം തരും തിരുവാതിര!

-


സുനിൽരാജ്സത്യ 

2020, ഡിസംബർ 29, ചൊവ്വാഴ്ച

വാർത്തകൾ മങ്ങുന്നതെന്തുകൊണ്ട്?! (ചിന്ത )

 



ഓരോ പ്രഭാതത്തിലും പത്രങ്ങളെ പ്രതീക്ഷിച്ചിരുന്ന ഒരു വലിയ വായനക്കൂട്ടം ഉണ്ടായിരുന്നു കേരളത്തിൽ! 

അവരുടേത് സമൂഹത്തിനോടുള്ള പ്രതിബദ്ധത ആയിരുന്നോ, അതോ രാഷ്ട്രീയത്തിലുള്ള അവേശമായിരുന്നോ, അതുമല്ലെങ്കിൽ, ഏതൊരുവന്റേയും വ്യക്തിത്വത്തിലേക്ക്  ഒളിഞ്ഞു നോക്കാനുള്ള തത്രപ്പാട് ആയിരുന്നുവോ..?! 

പൊതുവേ മലയാളികളായ ആണിനും പെണ്ണിനുമുണ്ടെന്ന് പറയപ്പെടുന്ന ''പരകാര്യ ജിജ്ഞാസ'' യ്ക്കുള്ള സാധ്യതയും കൂടുതലാണ്! 

വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം മാധ്യമരംഗത്തെ ചെറുതായൊന്നുമല്ല സഹായിച്ചത്. 

കറുപ്പും വെളുപ്പും അച്ചടിയിൽ നിന്ന് നിറങ്ങൾ ചാർത്തിയുള്ള പത്രങ്ങൾ വന്നതായിരുന്നു പ്രകടമായ, ആദ്യമാറ്റം! 

ആധുനികവൽക്കരിച്ച അച്ചടി ശാലകളിൽ നിന്നും പത്രങ്ങൾ പല വർണ്ണങ്ങളിൽ, പലരൂപങ്ങളിൽ പുറത്തിറങ്ങി തുടങ്ങി. കേരളത്തിൽ ഒരു ജില്ലയിൽ മാത്രം ഓഫീസ് ഉണ്ടായിരുന്ന പല പത്രങ്ങളും, അവരുടെ പത്രങ്ങൾക്ക് വേരോട്ടമുള്ള മണ്ണുകളിൽ പുതിയ ഓഫീസ് സ്ഥാപിച്ചതും, പിന്നീട് അവിടെ നിന്ന് അച്ചടി ആരംഭിച്ചതും ചരിത്രം! 

ഓരോ ജില്ലയ്ക്കും ഓരോ പേജുകളും മാറ്റിവെച്ചു. അങ്ങിനെ നാഷണൽ എഡിഷൻ, സ്റ്റേറ്റ് എഡിഷൻ, ഡിസ്ട്രിക്ട് എഡിഷൻ...., ശേഷം ഒരു ഏരിയ  എഡിഷൻ...!!

വെബ് യുഗത്തിന്റെ വരവോടെ ഓരോ കുടുംബത്തിനും ഒരു പത്രം എന്ന നിലയിലേക്ക് വരാനായുള്ള സാധ്യതയും വിദൂരമല്ലാതായിരിക്കുന്നു!

എല്ലാ വ്യവസായത്തെയുമെന്നപോലെ, കൊറോണ പത്ര വ്യവസായത്തെയും ബാധിച്ചു!

പൊതുവിൽ സർക്കുലേഷൻ കുറവെങ്കിലും പ്രമുഖ പത്രങ്ങൾ അത് മൂടി വച്ചു കൊണ്ടാണ് പ്രവർത്തിച്ചിരുന്നതെന്ന്  അറിയുന്നു.

അച്ചടി മാധ്യമങ്ങളുടെ തന്നെ സഹോദര സ്ഥാപനങ്ങളായ  ടെലിവിഷൻ മാധ്യമങ്ങളിൽ, സെക്കൻഡുകൾ തോറും ഉപ്പും മുളകും ചേർത്തുള്ള വാർത്തകൾ വരുന്നത് മതിയായിരുന്നു, കോവിഡ് കാലം ജനങ്ങൾക്ക് ആഘോഷിക്കാൻ...!! 

പരസ്യങ്ങളിലൂടെ വരുമാനം വാരിക്കൂട്ടി കൊണ്ട് ജനങ്ങളുടെ വാർത്താസ്വാദന ശേഷിയെ മുതലെടുക്കുകയായിരുന്നു ഈ വാർത്താമാധ്യമങ്ങൾ. 

രാഷ്ട്രീയ- സിനിമാ സെലിബ്രിറ്റികളുടെ പിറകേ നടന്നു തങ്ങൾ ഉണ്ടാക്കിയെടുക്കുന്ന  ''പെയ്ഡ് വാർത്താ സംസ്കാരം'', ജനങ്ങൾ ആഘോഷമാക്കാറുണ്ടെങ്കിലും, സ്ഥിരീകരിച്ച വാർത്തകൾക്കു തന്നെയാണ് ഇപ്പോഴും ആളുകൾ വില കൊടുക്കുന്നത് എന്ന് നമുക്ക് കാണാം. 


സ്വന്തം വിരൽത്തുമ്പിൽ ഉള്ള യന്ത്രത്തിൽ അതിനുള്ള സാധ്യതയുള്ളപ്പോൾ, യാഥാർത്ഥ്യം തമസ്ക്കരിക്കുന്ന മാധ്യമ വീരന്മാർക്ക് ഇന്ന് യാതൊരു പ്രസക്തിയും ഇല്ലാതായിരിക്കുന്നതായാണ് വ്യക്തമാവുന്നത്.

-സുനിൽരാജ്സത്യ 

വനപർവ്വം (കവിത )


 
കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം 
കാട്ടു പൂമരം പൂത്തൊരുങ്ങണകാഴ്ചകളും വേണം!

കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം, 
കാട്ടു പക്ഷികൾ പാട്ടുപാടണ കേൾവികളും വേണം. 

കാടെനിക്ക് വേണം,കാട്ടാറെനിക്ക് വേണം,
കാട്ടു വന്യത വേട്ടയാടണ രൗദ്ര താളം വേണം !!                                                                       

ഇലയനങ്ങണ മൃദുരവങ്ങളിൽ തലമുറയ്ക്ക് വണക്കം!    
അലയടിക്കും കാറ്റിലെങ്ങോ വിലപിടിച്ച സുഗന്ധം! 

കാടെനിക്ക് വേണം, കാട്ടാറെനിക്കു വേണം, 
കാട്ടറിവ്  വേണം, കാറ്റിരമ്പിന്നീണം കേട്ടറിഞ്ഞ്
കാട്ടിനുള്ളിൽ നടനടന്ന്  പോണം.

കാഴ്ചകണ്ടു പോണം, താഴ്ച നോക്കിവേണം                                            കരിയിലകൾ കിലുകിലുക്കി നടനടന്നു പോണം!                                                                  

കാടെനിക്ക് വേണം, കാട്ടാറെനിക്ക് വേണം.                                                          

ഒരുമരഛായേലെനിക്കുറങ്ങാം, 
ഒരു മരക്കായാൽ വിശപ്പകറ്റാം,
അരുവിജലത്തിൽ  വിയർപ്പൊഴുക്കാം, 
തരുവെന്റെ താങ്ങായുണർന്നിരിക്കും! 
കാടെനിക്ക് വേണം, കാട്ടാറെനിക്ക് 
വേണം.                                                             

കാടെന്റെ സ്വർഗ്ഗം, കാടെന്റെ ദൈവം, 
''കാടത്തം'' ഇല്ലാത്ത കാടെന്റെ ലോകം! 
കാട്ടുകനീതിയീകാടനോട്,
കാടിന്റെ ഉള്ളിലെ -
''കാടത്ത''മില്ലാത്ത കാടനോട്
കാട്ടുകനീതി                                           
പട്ടണമേ!!

-സുനിൽരാജ്സത്യ 

2020, ഡിസംബർ 28, തിങ്കളാഴ്‌ച

മറയുകയാണോ 2020?! (ചിന്ത )



കോവിഡും, മരണങ്ങളും കൂടി ലോകത്തെ സ്തംബ്ധമാക്കിയ വർഷമായിരുന്നു 2020. 

പരസ്പരം കരുതലും, കരുണയും, അകലെനിന്നും കൈമാറിയ വർഷം. അഹന്തയും, ആഗ്രഹങ്ങളും മരവിച്ച വർഷം. അതിലുപരിയായി പ്രകൃതിസ്വയം ശുദ്ധീകരിക്കപ്പെട്ട നാളുകളുടെ വർഷം!! 

കാടുകൾക്ക് ഹരിതാഭയേറിയിരിക്കുന്നു. ജലാശയങ്ങൾ മലിനപ്പെടാതിരിക്കുന്നു. അപ്രത്യക്ഷരായി എന്നുകരുതിയ മൃഗങ്ങളും പക്ഷികളും വനാന്തരങ്ങളിൽ സ്വൈരവിഹാരം നടത്തുന്നു! 

നഗര ഹൃദയങ്ങളിലെ ചവറ്റു കൂനകൾ കാണാനില്ല. വാഹനങ്ങളുടെ മരണപ്പാച്ചിലും കൂട്ടിയിടികളുമില്ല. പുകപടലങ്ങളുടെ കരിങ്കാടുകളില്ല!! 

-ശാന്തം! സുന്ദരം!! 

പ്രകൃതിയാകുന്ന കമ്പ്യൂട്ടറിൽ തിങ്ങിനിറഞ്ഞിരുന്ന വൈറസുകളെ നീക്കി സിസ്റ്റം റിഫ്രഷ് ചെയ്യാൻ, കാലം നിർമ്മിച്ച ''ആൻറിവൈറസ്'' ആയിരുന്നോ കോവിഡ്-19?! 

എന്തൊക്കെയായാലും സ്വർണക്കടത്തും ഭീകരപ്രവർത്തനവും അവസരവാദ രാഷ്ട്രീയവുമൊക്കെയായി കേരളം അപ്പോഴും സജീവമായിരുന്നു വാർത്തകളിൽ !!

ഒട്ടേറെ ഓർമ്മകൾ തന്ന 2020ന് വിട..!!


-സുനിൽരാജ്സത്യ 

ഞാനുമൊന്ന് പാടട്ടെ(കവിത )




എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം-        

എല്ലാരും കേൾക്കുന്നപാട്ട് വേണം!                            

താളത്തിൽ പാടണം, തകിൽകൊട്ടി പാടണം-  

തളരാത്ത നിങ്ങളെൻ കൂട്ടാവണം!                                    

പാട്ടിൽ തേനൂറണം,പാടം പൂത്താടണം-                      

പട്ടിണിത്തീയൊന്നണഞ്ഞ്പോണം!                                      

പതിനാറ് പൊൻപണം, പലനാളായ് നേടണം-                

പാലത്തറയില് നേർച്ച വേണം !

പാട്ടിൽ തീ കത്തണം, പടയണി കൊട്ടണം-      

ബാധയൊഴിപ്പിക്കാൻ  ''ആട്ടു'' വേണം!                         

പായിട്ട് ഉണ്ണണം, പാണന്മാരെത്തണം-              

പൂവിട്ട് മുറ്റം ഒരുക്കീടണം!        

പാട്ടിൽ തീകത്തണം, പാദങ്ങൾ തുള്ളണം-                

താളം  പിടിക്കാത്തോർ മാറിപ്പോണം!                                

കുറ്റം പറയുന്നോർ പാട്ടിനു പോകണം,                

പാട്ടിങ്ങനെത്തന്നെ പാടിടും ഞാൻ!                    

എനിക്കൊന്നു പാടണം, ഉച്ചത്തിൽ പാടണം-                    

പാട്ടെന്നിലാശ്വാസ കാറ്റ് വീശും!                                          

പാട്ടൊന്നു പാടണം, പാതകൾ താണ്ടണം-                                    

പട്ടട പൂകുമ്പോൾ കൂട്ട് വേണം!                              

പട്ടടയിൽ കൂട്ടു പാട്ട് വേണം!!

-സുനിൽരാജ്സത്യ 





മരത്തണൽ (കവിത )

 https://youtu.be/ie4_iAz8EHQ



ഒരു വിത്തുനീപാകി അതു മരമാകുമ്പോൾ,
ഒരു മകൾ നിനക്കെന്ന് ഞാൻ പറയും. 
ആ മരം താങ്ങായി തണലായി നിന്നുടെ
ജീവശ്വാസത്തിനും ഉയിരു നൽകും!
ഒരു മരച്ചില്ലയിൽ കാറ്റും കിളികളും,
കലപിലകൂട്ടും കവിത ചൊല്ലും.
വേനലിൽ കുളിരേകും മഴയത്ത് കുടയാകും-                                            
വേദനിക്കുമ്പോൾ താങ്ങി നിർത്തും! 
ഒരു മരം വരമാണ് സുഖമുള്ള കനവാണ് 
ആശിക്കുവോരുടെ ആശ്രമവും
ആശ്രയിക്കാമിതു തലമുറകൾ തോറും-  

പാലിച്ചു, ലാളിച്ചു പോറ്റിനിന്നാൽ! 
ഒരുമരം പുഷ്പിച്ച പൂക്കൾ വേണ്ടേ?
അതിലിളം തേനിന്റെ രുചികളുണ്ടേ..!
പൂപിന്നെ കായായി പാകമായി-
ഫലമായി പശിയാറ്റാൻ തന്നിടില്ലേ..!?
ഒരു മരം വരമാണ് എന്നു പാടാം.
ആ മരം തണലാണ് എന്നുകാണാം!
ആ തണൽ ഭൂമിയെ കാത്തുകൊള്ളും,
ആ ഭൂമി നമ്മുടെ സ്വർഗ്ഗമാകും!!

 -സുനിൽരാജ്സത്യ