ഇന്നത്തെയന്നം വേവിച്ചെടുക്കുവാൻ-
ഇടനെഞ്ചിലെത്തീയ്പോരാ!
ആ തീയ് രാവിലെ ഉലയിൽ പകർന്നയാൾ,
ആശകൾ മൂർച്ചകൂട്ടീടാൻ
ചുട്ടുപഴുക്കുന്ന ഓർമ്മകളിലുണ്ട്
നെഞ്ചിടിപ്പിൻ കൂടംതല്ലൽ!
ഉലയിലും നെഞ്ചിലും ഒരുമിച്ചു തീകത്തി
പ്രാണവായു തീർന്നുപോകുമോ ?!
കൽക്കരി പാത്രമെടുത്തു കൊണ്ടപ്പുറം-
കാൽചിലമ്പൊച്ചയിലെത്തി.
ഉലയൂതുവാനിരിക്കുമ്പോളവളുടെ-
ഉള്ളത്തിൽ ആശകൾ പൊള്ളി !
ഉദയാർക്കനെപ്പോലെ ഉലയിൽ-
ചുവക്കുന്ന ലോഹമാണിന്നത്തെദൈവം.
''തൂണിലും തുരുമ്പിലും പുല്ലിലും പൂവിലും ''
എന്നല്ലോ പഴമയിൽ കേൾപ്പൂ!?
ചുട്ടുപഴുത്തൊരാ ലോഹക്കഷണങ്ങൾ-
കൂടത്താൽ തല്ലിപ്പരത്തി!
ഉയിരിലെ തീയും ഉലയുടെ ചൂടും
വേർപ്പാൽ നനച്ചല്ലോ ദേഹം!
വീടിന്നുപകാരമാകുന്ന ആയുധം,
പെട്ടെന്നുതന്നെ നിരന്നു!
ചന്തയിൽ പോയി വിറ്റു കാശാക്കണം,
അരിനാഴിവാങ്ങി പോരേണം !
'ആലപ്പുര'യിലെ ചൂടും, പുകയിലും
ആരോഗ്യമെല്ലാം ക്ഷയിച്ചു.
ചുമ പൊട്ടിവീഴുമ്പോൾ ചൂടുവെള്ളം മോന്തി-
ചുവടുറപ്പിച്ചയാൾ നിൽക്കും .
പിഞ്ചുകുഞ്ഞപ്പോൾ കരയുന്ന കേട്ടതാ-
പ്രേയസി പിന്നിലേക്കോടി.
അമ്മിഞ്ഞ വറ്റാതിരിക്കുവാനെങ്കിലും,
അന്നംകരുതി വയ്ക്കേണം !
ആലയിൽ തീക്കാറ്റ് ഊതി വീണ്ടും,
അതിൽ ലോഹം തീ തിന്നു മിന്നിനിന്നു..!!
-സുനിൽരാജ്സത്യ