ചാറ്റൽമഴ, മണ്ണിൽ നീറി മരിക്കുന്ന-
കുംഭക്കൊടുംചൂട് വേവുന്ന,
സന്ധ്യ പോൽ,
നിന്നോർമ്മ പെയ്തുപോ,യെന്നിൽ
പടരാതെ-
ഒട്ടുമേ തങ്ങാതെ മാഞ്ഞുപോയി!
സാന്ധ്യഗസലുകൾ ചൊല്ലിയീസാഗര-
നീല ഞൊറിത്തിര
പ്രണയം നുരയ്ക്കവേ,
മണ്ണ് തുളച്ചുള്ളിൽ മാഞ്ഞുപോകും,
ചെറു-
ഞണ്ടുപോൽ
ഞാനുമെന്നുള്ളിലേക്കാണ്ടുപോയ്..!
കനകമായാലും
കനലിലുരുകുമെന്നേതോ-
കടൽകിളി അറിവ് പാടി.
കരളലിവില്ലാതെ
കനകമണിഞ്ഞിട്ടു, കാര്യമെന്തെന്നെന്റെ
മറുമൊഴിയും.
നാക്ക്, തളരാതെ വായിലുണ്ടെങ്കിലോ,
വാക്കുകൾക്കാണോ നമുക്ക് പഞ്ഞം?!
സ്മൃതികൾ തരംപോലെ
അണിഞ്ഞു വരും
ചിലർ-
തത്ത്വവിചാരങ്ങൾ പങ്കുവയ്ക്കും!!
ഉറവ വറ്റുന്നൊരെൻ ഹൃദയ ജലാശയം-
നിറയുവാൻ നിന്റെ പ്രണയം വേണം.
കവിതേ,അതിനല്ലേ എന്നുടെ തൂലിക-
കനവു നിറച്ചിങ്ങു കാത്തിരിപ്പൂ.
-സുനിൽരാജ്സത്യ
വളരെ നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ