കല്പാന്തകാലം പൂത്തു കനിതരും-
കല്പതരുവല്ല, പടുമുള ഞാൻ!
പാഴ്മരമാണെന്നറിഞ്ഞിട്ടും, എന്തിന്-
വനമുല്ലേ പടരുന്നതെന്നിൽ നീയും?!
അബലമാം ശാഖിതൻ ഹരിത വിതാനത്തിൽ,
താരകം വിരിയിക്കാൻ കൊതി നിറഞ്ഞോ?!
വെയിൽവള്ളി ചുറ്റി നിൻ മേനി കരിയാതെ-
കരുതൽ മറയായി പുണരുവാനോ?
ആടിയുലഞ്ഞുപോം നല്ല കാറ്റിൽ,
വാടിത്തളരും കൊടു വെയിലിൽ.
മഴവെള്ളമിലയിൽ തങ്ങി ഭാരം-
താങ്ങാതെ ശിഖരങ്ങൾ അടർന്നു വീഴാം!
പടരുവാൻ ആവാതെ വളരാൻ കഴിയില്ല,
വനമുല്ല മെല്ലെ വളർന്നു പൊങ്ങി!
ഇറുകെപ്പുണർന്നു പടർന്നു നിൽക്കുമ്പോഴോ-
ഇളകാതെ നിന്നുപോയാ മരവും!!
ഓരോ ഋതുക്കളും വന്നു പകർന്നുപോയ്-
ഓരോ സുഖവും കനവുകളും.
കനികളും പൂക്കളും ആർത്തു വളർന്നതിൽ;
കാറ്റും കിളികളും തഴുകി നിന്നു!
ചുറ്റും സുഗന്ധം ഒഴുകി വന്നു !
ഇണങ്ങി കഴിഞ്ഞാൽ പടുമുളയും കല്പ-
തരു വായിതീർന്നിടുമെന്ന് സാരം.
-സുനിൽരാജ്സത്യ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ