2021 ജനുവരി 9, ശനിയാഴ്‌ച

*ഇറുകെപ്പുണരുന്ന വനമുല്ല* (കവിത )


 

കല്പാന്തകാലം പൂത്തു കനിതരും- 

കല്പതരുവല്ല, പടുമുള ഞാൻ!

പാഴ്മരമാണെന്നറിഞ്ഞിട്ടും, എന്തിന്- 

വനമുല്ലേ പടരുന്നതെന്നിൽ നീയും?! 


അബലമാം ശാഖിതൻ ഹരിത വിതാനത്തിൽ, 

താരകം വിരിയിക്കാൻ കൊതി നിറഞ്ഞോ?! 

വെയിൽവള്ളി ചുറ്റി നിൻ മേനി കരിയാതെ- 

കരുതൽ മറയായി പുണരുവാനോ? 


ആടിയുലഞ്ഞുപോം നല്ല കാറ്റിൽ, 

വാടിത്തളരും കൊടു വെയിലിൽ. 

മഴവെള്ളമിലയിൽ തങ്ങി ഭാരം- 

താങ്ങാതെ ശിഖരങ്ങൾ അടർന്നു വീഴാം! 


പടരുവാൻ ആവാതെ വളരാൻ കഴിയില്ല,

വനമുല്ല മെല്ലെ വളർന്നു പൊങ്ങി!

ഇറുകെപ്പുണർന്നു പടർന്നു നിൽക്കുമ്പോഴോ- 

ഇളകാതെ നിന്നുപോയാ മരവും!! 


ഓരോ ഋതുക്കളും വന്നു പകർന്നുപോയ്-

ഓരോ സുഖവും കനവുകളും. 

കനികളും പൂക്കളും ആർത്തു വളർന്നതിൽ; 

കാറ്റും കിളികളും തഴുകി നിന്നു!

ചുറ്റും സുഗന്ധം ഒഴുകി വന്നു !


ഇണങ്ങി കഴിഞ്ഞാൽ പടുമുളയും കല്പ-

തരു വായിതീർന്നിടുമെന്ന് സാരം.


-സുനിൽരാജ്സത്യ

മധുവിധു (കവിത )



കണ്ണീർ തുടക്കുക സഖി നീ,

എന്റെ കരംഗ്രഹിച്ച് കൂടെ നടക്കുക. 

അനന്തഗഹ്വരങ്ങൾ താണ്ടണം...,

വന്യമാം ഇരുൾ ഭേദിച്ചീടണം.., 

മൃഗതൃഷ്ണകളിലമ്പെയ്യണം..., 

മൃത്യുഭാണ്ഡങ്ങളൊഴിക്കണം...,

മാർഗ്ഗം കെടുത്തും തീക്കടൽ 

അണയ്ക്കണം!! 


തുറന്നുവെച്ച ഹൃദയം മെല്ലെ ചാരുക! 

മറന്ന കവിതയെ തിരിച്ചു വിളിക്കുക!! 

വേർപ്പൂർന്ന് വീഴുന്ന കവിളുകളിലെന്റെ-        

ചുംബനം കൊണ്ടൊരു താലിയണിയിക്കാം!!


വരണ്ട തൊണ്ടയിലെ ഇരമ്പുന്ന ഒച്ചയിൽ,                     

ഉള്ളിലൂറുന്ന വരികളുരച്ചിടാം. 

പ്രണയം മടുക്കാത്ത കൽപനാ ലോകത്ത്-                       

മരണം വരെയും തളിർത്തങ്ങിരുന്നിടാം!!

-


സുനിൽരാജ്സത്യ
 

2021 ജനുവരി 5, ചൊവ്വാഴ്ച

അതിർത്തികൾ (കവിത )


അതിരുകൾ വേണ്ടെന്ന് ആരു ചൊന്നൂ!?

അതിരിന്റെ ലംഘനം തെറ്റുതന്നെ !!

അറിയാത്ത കാര്യത്തിന്നതിരു വേണ്ടേ? 

അറിയായ്മയെന്നതിന്നറുതി വേണ്ടേ? 


വീട്ടകത്തിന്നതിർ, വാതിലെങ്കിൽ- 

വീട്ടു പുറത്തൊരു വേലി വേണ്ടേ ?!

പിന്നെങ്കിൽ എന്തിനാണാധാരങ്ങൾ- 

ചങ്ങലക്കെന്തിന്നളന്നീടണം ?


പകലിന്നുരാവുമൊരതിരു തന്നെ,

ഇരവിനു പകലാണതിർവരമ്പ്. 

അതിരുകളില്ലാതെ സാധ്യമല്ല- 

മതിലുമറിയാതെ കാത്തിടേണം! 


എതിരുകളില്ലെങ്കിൽ അതിഥിയാക്കാം, 

അതിരു തുറന്നു വിളിച്ചിരുത്താം. 

അതിഘോരം നടമാടും തിന്മകളെ-

അതിരുകടത്തണം വേഗ വേഗം !


അതിരുകടക്കാത്ത തിന്മയെല്ലാം- 

ചുട്ടുകരിക്കണമിവിടെ തന്നെ !

അതിരു നാം കാക്കേണം, പതിരെല്ലാം 

പോക്കേണം,

 ഉതിരട്ടെ നന്മകളെന്റെ നാട്ടിൽ...!

-സുനിൽരാജ്സത്യ 

ആലപ്പുരയിലെ രൂപപ്പെടാത്തവർ (കവിത )

 

ഇന്നത്തെയന്നം വേവിച്ചെടുക്കുവാൻ- 

ഇടനെഞ്ചിലെത്തീയ്പോരാ!  

ആ തീയ് രാവിലെ ഉലയിൽ പകർന്നയാൾ, 

ആശകൾ മൂർച്ചകൂട്ടീടാൻ 


ചുട്ടുപഴുക്കുന്ന ഓർമ്മകളിലുണ്ട്                                

നെഞ്ചിടിപ്പിൻ കൂടംതല്ലൽ! 

ഉലയിലും നെഞ്ചിലും ഒരുമിച്ചു തീകത്തി 

പ്രാണവായു തീർന്നുപോകുമോ ?!


കൽക്കരി പാത്രമെടുത്തു കൊണ്ടപ്പുറം- 

കാൽചിലമ്പൊച്ചയിലെത്തി.

ഉലയൂതുവാനിരിക്കുമ്പോളവളുടെ- 

ഉള്ളത്തിൽ ആശകൾ പൊള്ളി !


ഉദയാർക്കനെപ്പോലെ ഉലയിൽ-

ചുവക്കുന്ന ലോഹമാണിന്നത്തെദൈവം. 

''തൂണിലും തുരുമ്പിലും പുല്ലിലും പൂവിലും ''

എന്നല്ലോ പഴമയിൽ കേൾപ്പൂ!?


ചുട്ടുപഴുത്തൊരാ ലോഹക്കഷണങ്ങൾ- 

കൂടത്താൽ തല്ലിപ്പരത്തി! 

ഉയിരിലെ തീയും ഉലയുടെ ചൂടും 

വേർപ്പാൽ നനച്ചല്ലോ ദേഹം!


വീടിന്നുപകാരമാകുന്ന ആയുധം, 

പെട്ടെന്നുതന്നെ നിരന്നു! 

ചന്തയിൽ പോയി വിറ്റു കാശാക്കണം, 

അരിനാഴിവാങ്ങി പോരേണം !


'ആലപ്പുര'യിലെ ചൂടും, പുകയിലും 

ആരോഗ്യമെല്ലാം ക്ഷയിച്ചു.

ചുമ പൊട്ടിവീഴുമ്പോൾ ചൂടുവെള്ളം മോന്തി- 

ചുവടുറപ്പിച്ചയാൾ നിൽക്കും .


പിഞ്ചുകുഞ്ഞപ്പോൾ കരയുന്ന കേട്ടതാ-               

 പ്രേയസി പിന്നിലേക്കോടി. 

അമ്മിഞ്ഞ വറ്റാതിരിക്കുവാനെങ്കിലും, 

അന്നംകരുതി വയ്ക്കേണം !


ആലയിൽ തീക്കാറ്റ് ഊതി വീണ്ടും, 

അതിൽ ലോഹം തീ തിന്നു മിന്നിനിന്നു..!!

-സുനിൽരാജ്സത്യ 



എന്റെ ഭൂമിക (ഗാനം )




ഈ മണ്ണുമാത്രം നമുക്കായിയുള്ളൂ, 
ഈ സംസ്കൃതി പുണ്യമുള്ളൂ..!
ഹിമവാനെ പോലെ തലയുയർത്തീടുവാൻ
ഹിന്ദുവെന്നഭിമാനംകൊള്ളൂ ..!

ഭാരതം...ഭാരതം.. ഭാരതമെന്നൊരാ-
ത്രക്ഷരി  മുഴങ്ങണമെങ്ങും. 
ഭഗവ പതാക പറത്തണമാകാശ- 
ഭംഗിയിൽ കുങ്കുമം ചാർത്താൻ!! 

നദികൾ ധമനികളാവുന്നു! 
മലകൾ മഹിമ വളർത്തുന്നു!!
മെല്ലെ വീശി പാറും കാറ്റിൽ- 
വന്ദേമാതരം കേൾക്കുന്നു!!

-സുനിൽരാജ്സത്യ

2021 ജനുവരി 4, തിങ്കളാഴ്‌ച

നീ (കവിത )

 
ഒഴുകുന്ന പുഴയായി നീ മുന്നിൽ വേണം. 
പാടുന്ന കാറ്റായി തഴുകീടണം. 
നീയെന്നും സ്വപ്നത്തിൽ വരിക വേണം.
നീയൊരു വാസരം തരിക വേണം !!

നീ തന്നെയിരവിലും കൂടെ വേണം. 
നീയെന്റെ ശയ്യയിൽ ഉറങ്ങീടണം. 
നിന്നുടെ ചുംബനം നിറം ചൂടണം .
നിന്നുടെ കൺകളിൽ രതിനീറണം!!

പാടുന്ന പാട്ടിൽ നീ വരിയാകണം. 
ആടുന്ന നൃത്തത്തിൽ ലയം നേരണം. 
എന്നുമെൻ കവിതയായ് നീ പെയ്യണം .
നീറുമെൻ കരളിന്നു കനിവാകണം!!
 

-സുനിൽരാജ്സത്യ 

2021 ജനുവരി 3, ഞായറാഴ്‌ച

പ്രിയമുള്ളവൻ, പനച്ചൂരാൻ

 "തുയിലുണർത്തുക,നീയിനി-

കാഹളധ്വനി പടർത്തുക.

തീത്തൈലമിറ്റിച്ചെൻ സിരകളിൽ,

സമരജ്ജ്വാല പടർത്തുക!

വിജയനു, മാദിവ്യശ്വാമനാം ഇടയനും-

ഇനിയും വരട്ടെയീ തേരുതെളിക്കാൻ!

കടലെടുക്കട്ടെ അന്യദേശാശയം,

ദ്വാരകാപുരം പൊന്തട്ടെ.

സാഗരത്തിരകൾ അമ്മതൻ

തൃക്കാൽ കഴുകട്ടെ!

ആകാശഗംഗയീ തേർത്തട്ടിലിറ്റട്ടെ,

ഒരു യുഗ സന്ധ്യ കൂടി പുലരട്ടെ!

ഭാരത ഭഗവദ്ധ്വജം

നീല വിൺ സ്പർശമേൽക്കട്ടെ...!"

അനിൽ പനച്ചൂരാൻ്റെ "വന്ദേ ഭാരതം" എന്ന കവിതയാണിത്.

    ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ പേരിലദ്ദേഹത്തെ ഉയർത്തിക്കാണിക്കാനുള്ള  ശ്രമങ്ങളെ തള്ളുന്നതാണീ കവിതയിലെ ചിന്താദ്ധോരണികൾ.

  
ചൊൽക്കവിതകളിലൂടെ, ഗ്രാമാന്തരങ്ങളിൽ വളർത്തിയെടുത്ത മലയാളകാവ്യസംസ്കാരം, പ്രസിദ്ധീകരണങ്ങൾ കൈനീട്ടിവാങ്ങാൻ തുടങ്ങിയത് സിനിമാപാട്ടെഴുത്തിലേക്ക് വന്നപ്പോഴാണെന്നുള്ളത്, പ്രശസ്തി വിറ്റ് കാശുനേടാനുള്ള പ്രസിദ്ധീകരണകമ്പനികളുടെ നാലാംകിട തന്ത്രമായി വിലയിരുത്തപ്പെടുന്നു !
 
അദ്ദേഹത്തെ ഒരിക്കലൊരു സംഗീതസംവിധായകനൊപ്പം പരിചയപ്പെടുകയുണ്ടായി. ജോലിക്കൊപ്പം എഴുത്തും തുടരണമെന്നും, പല എഴുത്തുകാരും ജോലിയുണ്ടെന്ന ഒഴികഴിവുകൾ പറഞ്ഞ് എഴുത്തിനെ ഉപേക്ഷിക്കാറാണ് പതിവെന്നും, സ്നേഹപൂർവ്വം ശാസിച്ചു.
പിന്നീട് ആ സൗഹാർദ്ദം തുടരുവാൻ , സാഹചര്യം ലഭിച്ചിരുന്നില്ല.

കരൾരോഗബാധിതൻ കൂടിയായിരുന്നദ്ദേഹമെന്നറിയുന്നു. മാരകമായ പ്രസ്തുത രോഗത്തിൽ നിന്ന്, കരൾമാറ്റ ശസ്‌ത്രകിയയിലൂടെ താല്കാലികാശ്വാസം നേടിയ എനിക്കറിയാം, ഈ കോവിഡ് കാലം അദ്ദേഹം കുറേക്കൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നെന്ന് !

പ്രസ്ഥാനങ്ങളുടെ കൈവശപ്പെടുത്തലുകളും, ഉദ്ഘോഷണങ്ങളുമവിടെ നിൽക്കട്ടെ! ദന്തഗോപുരലാവണങ്ങളിൽ കഴിഞ്ഞിരുന്ന
മലയാളകവിതയെ, മണ്ണിന്റെ മണംകൂട്ടി നാടുനീളെ, ഉച്ചത്തിൽപാടി കവിയായിതെളിഞ്ഞവൻ,കവിയായ് വളർന്നവൻ..!
ദാ..ഇപ്പോൾ കവിയായ്ത്തന്നെ പൊലിഞ്ഞിരിക്കുന്നു.

പനച്ചൂരാൻ, താങ്കളുടെ കവിതയിലെ യൗവ്വനം ഞങ്ങളിൽനിന്നിനിയും വിട്ടുമാറിയിട്ടില്ല.

ആദരാഞ്ജലികൾ !!


സുനിൽരാജ്സത്യ