"തുയിലുണർത്തുക,നീയിനി-
കാഹളധ്വനി പടർത്തുക.
തീത്തൈലമിറ്റിച്ചെൻ സിരകളിൽ,
സമരജ്ജ്വാല പടർത്തുക!
വിജയനു, മാദിവ്യശ്വാമനാം ഇടയനും-
ഇനിയും വരട്ടെയീ തേരുതെളിക്കാൻ!
കടലെടുക്കട്ടെ അന്യദേശാശയം,
ദ്വാരകാപുരം പൊന്തട്ടെ.
സാഗരത്തിരകൾ അമ്മതൻ
തൃക്കാൽ കഴുകട്ടെ!
ആകാശഗംഗയീ തേർത്തട്ടിലിറ്റട്ടെ,
ഒരു യുഗ സന്ധ്യ കൂടി പുലരട്ടെ!
ഭാരത ഭഗവദ്ധ്വജം
നീല വിൺ സ്പർശമേൽക്കട്ടെ...!"
അനിൽ പനച്ചൂരാൻ്റെ "വന്ദേ ഭാരതം" എന്ന കവിതയാണിത്.
ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ പേരിലദ്ദേഹത്തെ ഉയർത്തിക്കാണിക്കാനുള്ള ശ്രമങ്ങളെ തള്ളുന്നതാണീ കവിതയിലെ ചിന്താദ്ധോരണികൾ.
ചൊൽക്കവിതകളിലൂടെ, ഗ്രാമാന്തരങ്ങളിൽ വളർത്തിയെടുത്ത മലയാളകാവ്യസംസ്കാരം, പ്രസിദ്ധീകരണങ്ങൾ കൈനീട്ടിവാങ്ങാൻ തുടങ്ങിയത് സിനിമാപാട്ടെഴുത്തിലേക്ക് വന്നപ്പോഴാണെന്നുള്ളത്, പ്രശസ്തി വിറ്റ് കാശുനേടാനുള്ള പ്രസിദ്ധീകരണകമ്പനികളുടെ നാലാംകിട തന്ത്രമായി വിലയിരുത്തപ്പെടുന്നു !
അദ്ദേഹത്തെ ഒരിക്കലൊരു സംഗീതസംവിധായകനൊപ്പം പരിചയപ്പെടുകയുണ്ടായി. ജോലിക്കൊപ്പം എഴുത്തും തുടരണമെന്നും, പല എഴുത്തുകാരും ജോലിയുണ്ടെന്ന ഒഴികഴിവുകൾ പറഞ്ഞ് എഴുത്തിനെ ഉപേക്ഷിക്കാറാണ് പതിവെന്നും, സ്നേഹപൂർവ്വം ശാസിച്ചു.
പിന്നീട് ആ സൗഹാർദ്ദം തുടരുവാൻ , സാഹചര്യം ലഭിച്ചിരുന്നില്ല.
കരൾരോഗബാധിതൻ കൂടിയായിരുന്നദ്ദേഹമെന്നറിയുന്നു. മാരകമായ പ്രസ്തുത രോഗത്തിൽ നിന്ന്, കരൾമാറ്റ ശസ്‌ത്രകിയയിലൂടെ താല്കാലികാശ്വാസം നേടിയ എനിക്കറിയാം, ഈ കോവിഡ് കാലം അദ്ദേഹം കുറേക്കൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നെന്ന് !
പ്രസ്ഥാനങ്ങളുടെ കൈവശപ്പെടുത്തലുകളും, ഉദ്ഘോഷണങ്ങളുമവിടെ നിൽക്കട്ടെ! ദന്തഗോപുരലാവണങ്ങളിൽ കഴിഞ്ഞിരുന്ന
മലയാളകവിതയെ, മണ്ണിന്റെ മണംകൂട്ടി നാടുനീളെ, ഉച്ചത്തിൽപാടി കവിയായിതെളിഞ്ഞവൻ,കവിയായ് വളർന്നവൻ..!
ദാ..ഇപ്പോൾ കവിയായ്ത്തന്നെ പൊലിഞ്ഞിരിക്കുന്നു.
പനച്ചൂരാൻ, താങ്കളുടെ കവിതയിലെ യൗവ്വനം ഞങ്ങളിൽനിന്നിനിയും വിട്ടുമാറിയിട്ടില്ല.
ആദരാഞ്ജലികൾ !!
സുനിൽരാജ്സത്യ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ