ഹൃദയം തുടിക്കുന്ന മാത്രകളത്രയും-
മൃദുലേ നിനക്കുള്ള പ്രാർത്ഥനകൾ!
പ്രണയം നിറഞ്ഞെന്റെ ധമനികൾ വിങ്ങുമ്പോൾ
പ്രളയമായെത്തുന്നു ഭാവനകൾ!!
നറുമൊഴി കേൾക്കുവാൻ കൊതിപൂണ്ടു ഞാനൊരു-
കുറിമാനം കുത്തി കുറിച്ചിരിക്കേ,
ചിരികളിൽ കുപ്പിവളകൾ കിലുക്കി നീ-
ചൊരിമണൽ പാത കടന്നു വന്നു.
നോവുംവിരഹത്തിൻ നാവ് മുറിച്ചെന്ന്-
നാമൊന്ന് കൂട്ടായി ഒത്തുചേരും?
മൗനം പിടയുമ്പോൾ നമ്മൾക്കിടയിലോ-
മോഹമന്ത്രങ്ങളിടകലരും!
കാലം, നിറയ്ക്കും പ്രണയത്താൽ തൂലിക-
ജാലം രചിക്കാൻ നിനച്ചിരിപ്പൂ.
വന്നു പകർന്നെന്നിൽ രോമഹർഷങ്ങളും,
നന്നായി നീറും നഖക്ഷതവും!!
സുനിൽരാജ്സത്യ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ