2020, ഡിസംബർ 31, വ്യാഴാഴ്‌ച

എന്തൂട്ട് വായന..?!(ചിന്ത )



“Show me a family of readers, and I will show you the people who move the world.”– 
(“വായനക്കാരുടെ ഒരു കുടുംബത്തെ എനിക്കു പരിചയപ്പെടുത്തൂ, ലോകത്തെ ചലിപ്പിക്കുന്ന ആളുകളെ ഞാൻ കാണിച്ചുതരാം.”)   -Napoleon Bonaparte

വിവരസാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തിൽ കുറച്ചുകാലത്തേക്കെങ്കിലും ജനങ്ങൾ അച്ചടിച്ച പുസ്തകങ്ങളെ അവഗണിച്ചിരുന്നു എന്നു വേണം കരുതാൻ. 

വിരൽത്തുമ്പിലെ, നിർദ്ദേശങ്ങളിൽ(commands) ലോകം മുന്നിൽ തെളിയുന്ന വിദ്യ ഉള്ളപ്പോൾ പേജുകൾ മറിച്ച് വാക്കുകളും, വാചകങ്ങളും, പരതാൻ ആർക്കാണ് താൽപര്യം!? 

എന്നാൽ പ്രസ്തുത ആവേശങ്ങൾക്ക് പിന്നാലെ പോയവർ കുറച്ചെങ്കിലും മടങ്ങിയെത്തിയിരിക്കുന്നതായാണ് പറയപ്പെടുന്നത്. 

സ്കൂളുകളിലും, കോളേജുകളിലും, മറ്റും ലൈബ്രറികൾ ആരംഭിക്കുവാൻ പി.ടി.എ യും, മറ്റു സ്ഥാപനങ്ങളും നിർലോഭമായി സഹകരിക്കുന്നു. കവലകളിൽ നിന്നും പിണങ്ങിപ്പോയ വായനശാലകൾ പുതിയ രൂപത്തിൽ അവതരിക്കുന്നു! 

ഇൻറർനെറ്റുമായി സംയോജിച്ചുള്ള ലൈബ്രറികളാണ് പുതിയ ആകർഷണം. എല്ലാത്തരം രുചികളും പരീക്ഷിക്കപ്പെടുന്ന ഇടമാണത്.

ശ്രദ്ധേയമായ മറ്റൊരു സംഗതി ഇത്രയേറെ സാഹിത്യകുതുകികളും, എഴുത്തുകാരും, മലയാളത്തിൽ ഉണ്ടെന്നുള്ളതാണ്! 
എൻ.ബി.എസ്, സാഹിത്യ സഹകരണ സംഘം.... എന്നൊക്കെയുള്ള പ്രസാധകരെ കുറിച്ചുള്ള അറിവായിരുന്നു പഴമക്കാർക്ക്. എന്നാൽ കാന്തത്തിൽ ഒട്ടിപിടിച്ചിരിക്കുന്ന ഇരുമ്പയിരുപോലെ തിങ്ങിയിരിക്കുന്നു പ്രസാധകരുടെ എണ്ണം, കേരളത്തിൽ. 

ഏതെങ്കിലും പത്ര സ്ഥാപനത്തിലെ അവഗണനയുടെ ചവറ്റുകൊട്ടയിൽ എറിയപ്പെടേണ്ടിയിരുന്ന നിരവധി കൃതികളാണ് സോഷ്യൽ മീഡിയ വഴി  വായിക്കപ്പെടുന്നത് എന്ന സത്യം മറച്ചു വയ്ക്കേണ്ട ഒന്നല്ല.

പത്രാധിപർക്ക് ഇഷ്ടപ്പെട്ടതേ മറ്റുള്ളവർ വായിക്കാവൂ എന്നൊരു ആഗോള ''പിടിവാശി സിദ്ധാന്ത''മാണ് പൊട്ടി ഒഴുകിയതിവിടെ ! 

അഭിനയിക്കുമ്പോൾ തന്നെ പ്രതികരണമറിയാമെന്ന സ്റ്റേജ് കലപോലെ തന്നെയാണ്, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെടുന്ന കൃതികൾക്കും ലഭിക്കുന്ന മറുപടികൾ.
എന്നാൽ, എഴുതപ്പെടുന്ന കൃതികളുടെ നിലവാരത്തകർച്ച സ്വയം മനസ്സിലാക്കുകയോ ഏറ്റെടുക്കുകയോ രചയിതാവ് ചെയ്യേണ്ടതുണ്ട്.

ഇവിടെ, തങ്ങൾ തെറ്റിദ്ധരിക്കപ്പെടുമോ എന്ന പേടി മൂലം ''നല്ലെഴുത്തു''കാർ ഇവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ മടിക്കുന്നുമുണ്ട്! 

ഇൻറർനെറ്റ് സാങ്കേതികവിദ്യകൊണ്ട് അറിവുകൾ നേടാൻ മാത്രമല്ല മാനസികവ്യാപാരങ്ങൾ മറ്റുള്ളവർക്കു മുമ്പിൽ പ്രതിഫലിപ്പിക്കുവാനും കഴിയുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. 

കൂടാതെ ഓൺലൈൻ പത്രമാസികകളും മറ്റും സൗജന്യമായും, വിലയ്ക്കും, ലഭിക്കുന്ന സൗകര്യങ്ങൾ നിരവധി പേരാണ് ഉപയോഗപ്പെടുത്തുന്നത് എന്നുള്ളത് ഓൺലൈൻ പ്രസാധകർ തഴച്ചുവളരുന്നതിലൂടെ മനസ്സിലാക്കിത്തരുന്നു! 

ഏതായാലും രീതികൾ മാറുന്നുണ്ടെങ്കിലും വായനാശീലം തുടരുന്നുണ്ട് എന്നതിൽ നമുക്ക് എല്ലാവർക്കും സന്തോഷിക്കാം. എഴുത്തും, വായനയും, ചിന്തകളും വളരട്ടെ; പടർന്നു പന്തലിക്കട്ടെ.

-

സുനിൽരാജ്സത്യ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ