2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

കണ്ണീരുപ്പ്


 

കണ്ണീർ തുടയ്ക്കുക പ്രിയസഖീ നീ... 

കരളുരുകുന്ന വേദനകൾ- 

മറവിയുടെ കയങ്ങളിലെറിയുക. 

ജീവിത പാതകൾ ബഹുദൂരം 

മുന്നിലുണ്ടതിലേറെ സഞ്ചാരം ചെയ്ക വേണം!! 


കവിളുകൾ, നീർച്ചാലായി മാറ്റിടൊല്ലേ...

കുടുംബവിളക്കിൻ തിരിയിതല്ലേ..?!

ഗദ്ഗദം തൂവി മൊഴിഞ്ഞിടല്ലേ... 

കവിതകൾ പാടി തരേണ്ടതല്ലേ...!? 


പിരിഞ്ഞതല്ലല്ലൊ നാം, രണ്ടു ദിക്കിലേക്കും- 

ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മാത്രം! 

പ്രണയകാറ്റോർമ്മയിൽ വീശിടുമ്പോൾ- 

ശിഖരത്താൽ കെട്ടിപ്പുണർന്നിടുവോർ..! 


കൊടുംവെയിൽ വന്നാലും, 

പ്രളയം പടർന്നാലും,

കടപുഴകാതെ നാം നിന്നു പോകും !! 

നമ്മിൽ വസന്തം വിടർത്തും ചിനപ്പുകൾ- 

ഹരിത പ്രണയത്തിൻ ലാസ്യഭാവം!! 


ഒരു മഴ തോരാതെ പെയ്യുന്ന രാക്കാലം- 

തളരാതെ നിന്നിൽ പടർന്നിറങ്ങും. 

ഇന്നു നീ വാർത്തൊരാ കണ്ണീർ ലവണങ്ങൾ 

എന്നധരത്താൽ കവർന്നെടുക്കും!! 


അതുവരെ പ്രിയസഖീ കരയാതിരിക്കുക.., 

കണ്ണീർ തുടയ്ക്കുക...,                  

കരളുരുകുന്ന വേദനകൾ മറവിയുടെ 

കയങ്ങളിലേക്കെറിയുക...!

 സുനിൽരാജ്സത്യ 

2 അഭിപ്രായങ്ങൾ: