2020, ഡിസംബർ 27, ഞായറാഴ്‌ച

സാരസ്വതം (കവിത )

വാക്കിരച്ചൊഴുകുന്ന സൗപർണികയുടെ, 

നാക്കിലെഴുതിയ പരംപൊരുൾ തേടി- 

എത്തിയെൻ മനമിനിയും മുടങ്ങാതെ ചിത്-

പാദം വണങ്ങി ചെങ്കുങ്കുമമണിയുവാൻ!!


ആരോഹണങ്ങളിൽ കയറിത്തളർന്നെന്റെ-

ആരോഗ്യവുംസ്വത്തുമണയാനൊരുങ്ങവേ,

അമ്മേ,നീയിറ്റിച്ച വാക്കിൻ ചെറുതുള്ളി, 

അലിഞ്ഞെന്നിൽ കാവ്യ, മൃതസഞ്ജീവനിയായി!


കാടിറങ്ങിക്കരിഞ്ഞ മോഹങ്ങളെല്ലാമേ, 

കാടുകേറു,ന്നിപ്പോളമ്മതൻ പദംപൂകാൻ... 

കുടയേന്തി നിൽക്കുന്ന വന്മരച്ഛായയിൽ മെല്ലവേ,

കുടജാദ്രി മലയേറാൻ കൈത്താങ്ങ് നൽകണേ. 


സർവ്വജ്ഞപീഠത്തിൽ ഇരിക്കേണം സ്വസ്ഥ


മായി,മനം

ശങ്കയൊഴിവാക്കി നിർമ്മലമാക്കണം. 

ആതങ്കമെല്ലാം അകറ്റുവാനെത്തുന്നു, മന്ദമായ്-                                      

സങ്കീർത്തനങ്ങൾ പാടിയിളം തെന്നൽ!


മൗനങ്ങൾ മന്ത്രം ചൊല്ലുന്ന മലമേലെ- 

ദാഹിച്ചുഞാനെത്തിനിൽക്കുന്നു അംബികേ,

സാരസ്വതമിറ്റു നൽകുവാനാകുമോ- 

സൗന്ദര്യലഹരി സ്തോത്രം ഗ്രഹിക്കുവാൻ..!!

 -സുനിൽരാജ്സത്യ 

🔱🔱🔱🔱🔱🔱🔱🔱

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ