2020, ഡിസംബർ 27, ഞായറാഴ്‌ച

കൃഷ്ണവസന്തത്തിലെ രാധിക (കവിത )



നീലക്കടമ്പിന്റെ പൂക്കാത്ത കൊമ്പിൽ ഞാൻ-
നോട്ടമിട്ടങ്ങിനെ നിന്നനേരം,
തഴുകാൻ വരാതെ മറന്ന വസന്തത്തെ                              തെല്ലൊരുകോപമോടോർത്തുപോയി.
കളകളംപാടാതൊഴുകുന്നു യമുനയും-
ഇളംവെയിൽമേലാപ്പണിഞ്ഞുകൊണ്ട് !
ചിലനേരമിണകളെ പാടി വിളിക്കുന്ന-
കിളികുലജാലവും മൗനമായി!
ദൂതുമായെത്തുന്ന തെന്നലും വന്നില്ല, 

ചോദിക്കുവാൻ മുന്നിലാരുമില്ല.            

നേദിക്കുവാൻ ദലം നീട്ടിനിൽക്കാറുള്ള,

തുളസിയും വാടി കുഴഞ്ഞു നിൽപ്പൂ !!
''ഋതുവിന്റെ മാറ്റമോടിടയുവാനാകുമോ''
പരിഭവമാരോട് ചൊല്ലിടേണ്ടൂ...?!
പകലോനുമറിയില്ല, പഴഞ്ചൊല്ലുമുണർന്നില്ല, പരിതാപമോടെഞാൻനിൽക്കയല്ലോ!
സ്വപ്നങ്ങളേറെ പെയ്യുമീ ഭൂമിയിൽ 
സത്യങ്ങളെല്ലാം മറഞ്ഞുപോയോ?
നിത്യം പകരുന്ന മായികക്കാഴ്ചകൾ 

'അർത്ഥ'ങ്ങൾ തേടിയകന്നു പോയോ!?
ഇല്ലെനിക്കാവില്ല ഈ കാഴ്ച കാണുവാൻ-
തെല്ലഭയം കണ്ണൻ വന്നുവെന്നാൽ! 
കണ്ണാ നീ കാണേണം നിന്റെയീഭൂമിക-
മോഹിച്ചുനിൽപൂ വസന്തകാലം!
 
ഒരു ചെറുകാറ്റിലെ കുഴൽ നാദദൂതിതാ
പരിഭവം മാറ്റിയെൻ കവിൾതഴുകി.
അതിലെന്റെ കണ്ണന്റെ മുരളിക പാടിയ
 ''രതിസുഖസാരേ '' നിറഞ്ഞുനിന്നു!

നേർത്ത മഴയുടെ തുള്ളി ചൊരിയവേ-
കടമ്പിൻ ചോട്ടിലെൻകണ്ണനെത്തി. 

ഓടക്കുഴലിന്റേ നാദത്തിൽ പൂത്തിതാ-
കടമ്പും, തുടർവന്ന യാമങ്ങളും..!!

-സുനിൽരാജ്സത്യ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ