നിന്റെ വിരലുകൾ-
അവളുടെ ഉടലിലുരയണം.
നിന്റെ വാക്കുകൾ അവളുടെ
കാതിലൊഴുകണം.
നിന്റെ ആലിംഗനത്തിൽ അവളുടെ
മാറിടം ചുരത്തണം !!
നീയൊരു ഗുമസ്തനാവാം.
തുരുമ്പിച്ച ടൈപ്പ്റൈറ്ററുകളുടെ
ഘർഷണമുള്ള അക്ഷരക്കട്ടകൾ
അമർത്തിവിടുന്ന വിരലുകളാലെ,
അവളിൽ അനുഭൂതി പകരുക.
വീട്ടിൽ,
നിന്റെ കരങ്ങളും നോട്ടങ്ങളും വാക്കുകളും തരളമായിരിക്കട്ടെ!!
നീയൊരു ഡ്രൈവറാകാം നിന്റെ ജോലിയുടെ ആയാസത്തിൽ ക്ഷീണിച്ചു തളരാം!
പക്ഷേ നിന്നെ കാത്തിരിക്കുന്ന,
നിനക്കറിയാത്ത,
നിനക്ക് വേണ്ടിയുള്ള ജോലിചെയ്യുന്ന-
അവളെ കരതലംനീട്ടി പുണരുക.
ഒരു നല്ല വാക്ക് കാതിൽ തിരുകുക..!
നീയൊരു കൂലിപ്പണിക്കാരൻ ആവാം നിത്യവേതനത്തിന് അധ്വാനിച്ചവൻ.
വേർപ്പുറഞ്ഞ്, മൺപറ്റിയിരിക്കാം... പക്ഷേ, ആ വേർപ്പിൻ ചൂരിൽ
മുഖം ചേർത്തിരിക്കാൻ കൊതിക്കുന്നവളാണ് വീട്ടിൽ!
നീ കുടിച്ച കള്ളിൻമണം ചേർത്ത്-
ഒരുമ്മ നൽകിയാൽ മതിയവൾക്ക് !!
സ്വർണ്ണവും, തേനും കൊതിക്കാത്തവൾ !!
നീയൊരു കവിയാണല്ലേ..
വികാരങ്ങളെ ചിലമ്പണിയിക്കുന്നവൻ...?
നിന്റെ തൂലികയിൽ തുളുമ്പുന്ന പ്രണയവും,മോഹവും
അവൾക്കു നീ നൽകുമെന്നറിയാം.
നിനക്കല്ലാതെ മറ്റാർക്കതിന് കഴിയും?! അതും മറ്റൊരാൾ പറയാതെ...!
എങ്കിലും പറയട്ടെ,
അവൾ കാത്തിരിക്കുന്നുണ്ട്
ഒരു നല്ല വാക്ക്, ഒരു നല്ല നോക്ക്,
ഒരുകൊച്ചാലിംഗനം...
മാത്രം മതി!!
-സുനിൽരാജ്സത്യ