നിറംകെട്ട സ്വപ്നങ്ങളിൽ ചായം പൂശുന്നവൻ (The one who paints colourless dreams )
2021, ഏപ്രിൽ 26, തിങ്കളാഴ്ച
2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച
നുറുങ്ങുകൾ
*തടവറ*
✍🏽സുനിൽരാജ്സത്യ
പ്രണയം അതിരുകളില്ലാത്ത
ഭൂമിയാണ്.
ഹൃദയം വിലങ്ങുകൾ ഇല്ലാത്ത
കുറ്റവാളിയും.
പക്ഷേ,
പ്രണയത്തടവിൽനിന്ന്
ഹൃദയത്തിന് മോചനമില്ല!!
*ലിപികൾ
നാവു വരണ്ട തൂലികയിൽ
അക്ഷരങ്ങൾ ഒളിച്ചപ്പോൾ
കവിതകൾ തേങ്ങി
പിന്നെ,
പ്രണയംപാടിയ ചാറ്റൽമഴയിൽ
ഒരുതുള്ളി തൊട്ട്
മങ്ങിയ ലിപികൾ കുറിച്ചു.
*ഹൗസ് വൈഫ്*
ഉദ്യോഗമില്ലവൾക്കീ ഗൃഹം തന്നിലെ-
ഉദയാസ്തമയങ്ങൾക്കു കൂട്ടുകാരി!!
ഉണർന്നാലുറങ്ങും വരെയുള്ള നേരമോ
അവളാ കുടുംബത്തിൽ വേലക്കാരി!!
*രാനിദ്ര*
കാർമുകിൽമുടികളുലച്ചു, രാവ്-
നക്ഷത്ര കണ്ണാലെന്നെ നോക്കി.
ചന്ദ്രിക ചുണ്ടിൽ ചിരിച്ചു. ഞാൻ
ഒരു സ്വപ്നവലാകയായി ചിലച്ചു.
മെല്ലെ, ഉറക്കത്തിലേക്ക് പറന്നു!!
*ഭാവനകൾ*
പർണ്ണ കുടീരത്തിൽ
പതുങ്ങി നിന്ന പേടമാനോ നീ
കർണപുടത്തിൽ കവിത
പാടിയ ഗാനകോകിലമോ...?!
-ഏതോ കൽപ്പനാലോകത്തു
മയങ്ങി നിൽക്കുന്നു ഞാൻ....
*വിജയം*
പദങ്ങളൂന്നി നിൽക്കും മണ്ണിൽ
പതാക പാറിടും!
പക പുകയുന്ന ഹൃത്തിന്നുള്ളിൽ
തീജ്വാലയാളിടും!!
*മഹിമ*
ചെറിയ കണ്ണുകൾ വലിയ
ലോകത്തേക്ക് നടത്തുമ്പോൾ,
വലിയ ചിന്തകൾ
എളിമയിലേക്ക് നയിക്കുന്നു!!
*രചനകൾ*
ചിന്തകൾ കോർത്തെടുത്താൽ
തത്വചിന്ത!
ഭാവനകൾ കോർത്തെടുത്താൽ
കാവ്യമാല!
*ഫോക്കസ്*
ചിത്രഗ്രാഹി നിന്നെ പകർത്തിയ,
ഛായാചിത്രം മാഞ്ഞിട്ടും, മമ-
മിഴിയാലെന്നുള്ളിൽ പതിപ്പിച്ച
മധുചിത്രം മങ്ങാതിരിപ്പുണ്ടിപ്പോഴും;
നീയെവിടെയാണെങ്കിലും!!?
*കാവ്*
വിഷക്കാറ്റുകൾ തളർന്നുറങ്ങുന്ന
നിഗൂഢസ്ഥലി.
ഊഷരതകളിലേക്ക് കുളിർധമനി
പടർത്തുന്ന ജലകോശം.
പുളഞ്ഞുയർന്നു കൊത്തുന്ന
മോഹങ്ങളുടെ കാവൽക്കൂട്.
അന്തിത്തിരി നാളത്തിൽ
നാമം ചൊല്ലുന്ന മുത്തശ്ശി!!
*ഓടക്കുഴൽ*
കരിവണ്ടുകൾ
നെഞ്ചു തുളച്ച
മുളന്തണ്ടുകളിൽ-
കാറ്റ് സ്വാന്ത്വനമായപ്പോൾ തേങ്ങലുകളുണർന്നു...!
കാട്ടരുവിയുടെ
ശ്രുതിയിൽ അതിനിണചേരാൻ
കണ്ണന്റെ ചുംബനം ദാഹിച്ചു..!!
*ഭൗമദിനം*
ഉറങ്ങുമ്പോഴും നമ്മെ-
മറിയാതെ കാക്കുന്ന,
ഉരുളുന്ന ഭൂമിയ്ക്ക് -
കരുതൽവേണം...!!
2021, ഏപ്രിൽ 7, ബുധനാഴ്‌ച
സ്വപ്നങ്ങൾ നിറഞ്ഞ തൂലിക
ചാറ്റൽമഴ, മണ്ണിൽ നീറി മരിക്കുന്ന-
കുംഭക്കൊടുംചൂട് വേവുന്ന,
സന്ധ്യ പോൽ,
നിന്നോർമ്മ പെയ്തുപോ,യെന്നിൽ
പടരാതെ-
ഒട്ടുമേ തങ്ങാതെ മാഞ്ഞുപോയി!
സാന്ധ്യഗസലുകൾ ചൊല്ലിയീസാഗര-
നീല ഞൊറിത്തിര
പ്രണയം നുരയ്ക്കവേ,
മണ്ണ് തുളച്ചുള്ളിൽ മാഞ്ഞുപോകും,
ചെറു-
ഞണ്ടുപോൽ
ഞാനുമെന്നുള്ളിലേക്കാണ്ടുപോയ്..!
കനകമായാലും
കനലിലുരുകുമെന്നേതോ-
കടൽകിളി അറിവ് പാടി.
കരളലിവില്ലാതെ
കനകമണിഞ്ഞിട്ടു, കാര്യമെന്തെന്നെന്റെ
മറുമൊഴിയും.
നാക്ക്, തളരാതെ വായിലുണ്ടെങ്കിലോ,
വാക്കുകൾക്കാണോ നമുക്ക് പഞ്ഞം?!
സ്മൃതികൾ തരംപോലെ
അണിഞ്ഞു വരും
ചിലർ-
തത്ത്വവിചാരങ്ങൾ പങ്കുവയ്ക്കും!!
ഉറവ വറ്റുന്നൊരെൻ ഹൃദയ ജലാശയം-
നിറയുവാൻ നിന്റെ പ്രണയം വേണം.
കവിതേ,അതിനല്ലേ എന്നുടെ തൂലിക-
കനവു നിറച്ചിങ്ങു കാത്തിരിപ്പൂ.
-സുനിൽരാജ്സത്യ
-
ആകാശം, കടൽചേരും ചക്രവാളത്തിൽ, തോണി തുഴഞ്ഞെത്തി സാന്ധ്യ സൂര്യൻ. നീരദമാലകൾ കാവി പുതച്ചനു- രൂപയായി ധ്യാനസദിരിനെത്തി! തിരകളിൽ പാദം കഴുകി സ...
-
നീലക്കടമ്പിന്റെ പൂക്കാത്ത കൊമ്പിൽ ഞാൻ- നോട്ടമിട്ടങ്ങിനെ നിന്നനേരം, തഴുകാൻ വരാതെ മറന്ന വസന്തത്തെ തെല്ലൊരുകോപമോടോ...
-
ചാറ്റൽമഴ, മണ്ണിൽ നീറി മരിക്കുന്ന- കുംഭക്കൊടുംചൂട് വേവുന്ന, സന്ധ്യ പോൽ, നിന്നോർമ്മ പെയ്തുപോ,യെന്നിൽ പടരാതെ- ഒട്ടുമേ ത...