2021, മേയ് 9, ഞായറാഴ്‌ച

മുറിവുകൾ




ഹൃദയം തുടിക്കുന്ന മാത്രകളത്രയും-
മൃദുലേ നിനക്കുള്ള പ്രാർത്ഥനകൾ!
പ്രണയം നിറഞ്ഞെന്റെ ധമനികൾ വിങ്ങുമ്പോൾ            
പ്രളയമായെത്തുന്നു ഭാവനകൾ!! 

നറുമൊഴി കേൾക്കുവാൻ കൊതിപൂണ്ടു ഞാനൊരു- 
കുറിമാനം കുത്തി കുറിച്ചിരിക്കേ, 
ചിരികളിൽ കുപ്പിവളകൾ കിലുക്കി നീ- 
ചൊരിമണൽ പാത കടന്നു വന്നു. 

നോവുംവിരഹത്തിൻ നാവ് മുറിച്ചെന്ന്-
നാമൊന്ന് കൂട്ടായി ഒത്തുചേരും? 
മൗനം പിടയുമ്പോൾ നമ്മൾക്കിടയിലോ- 
മോഹമന്ത്രങ്ങളിടകലരും! 

കാലം, നിറയ്ക്കും പ്രണയത്താൽ തൂലിക- 
ജാലം രചിക്കാൻ നിനച്ചിരിപ്പൂ. 
വന്നു പകർന്നെന്നിൽ രോമഹർഷങ്ങളും, 
നന്നായി നീറും നഖക്ഷതവും!!

സുനിൽരാജ്സത്യ 

2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

നുറുങ്ങുകൾ


  *തടവറ* 

✍🏽സുനിൽരാജ്സത്യ 

പ്രണയം അതിരുകളില്ലാത്ത 

ഭൂമിയാണ്. 

ഹൃദയം വിലങ്ങുകൾ ഇല്ലാത്ത 

കുറ്റവാളിയും. 

പക്ഷേ, 

പ്രണയത്തടവിൽനിന്ന് 

ഹൃദയത്തിന് മോചനമില്ല!!

 *ലിപികൾ

നാവു വരണ്ട തൂലികയിൽ 

അക്ഷരങ്ങൾ ഒളിച്ചപ്പോൾ 

കവിതകൾ തേങ്ങി

പിന്നെ, 

പ്രണയംപാടിയ ചാറ്റൽമഴയിൽ 

ഒരുതുള്ളി തൊട്ട് 

മങ്ങിയ ലിപികൾ കുറിച്ചു.

*ഹൗസ് വൈഫ്

ഉദ്യോഗമില്ലവൾക്കീ ഗൃഹം തന്നിലെ- 

ഉദയാസ്തമയങ്ങൾക്കു കൂട്ടുകാരി!! 

ഉണർന്നാലുറങ്ങും വരെയുള്ള നേരമോ 

അവളാ കുടുംബത്തിൽ വേലക്കാരി!!

*രാനിദ്ര* 

കാർമുകിൽമുടികളുലച്ചു, രാവ്-

നക്ഷത്ര കണ്ണാലെന്നെ നോക്കി.

ചന്ദ്രിക ചുണ്ടിൽ ചിരിച്ചു. ഞാൻ 

ഒരു സ്വപ്നവലാകയായി ചിലച്ചു.

മെല്ലെ, ഉറക്കത്തിലേക്ക് പറന്നു!!

*ഭാവനകൾ* 

 പർണ്ണ കുടീരത്തിൽ 

പതുങ്ങി നിന്ന പേടമാനോ നീ 

കർണപുടത്തിൽ കവിത 

പാടിയ ഗാനകോകിലമോ...?! 

-ഏതോ കൽപ്പനാലോകത്തു 

മയങ്ങി നിൽക്കുന്നു ഞാൻ....

*വിജയം* 

പദങ്ങളൂന്നി നിൽക്കും മണ്ണിൽ 

പതാക പാറിടും!

പക പുകയുന്ന ഹൃത്തിന്നുള്ളിൽ 

തീജ്വാലയാളിടും!!

 *മഹിമ* 

ചെറിയ കണ്ണുകൾ വലിയ 

ലോകത്തേക്ക് നടത്തുമ്പോൾ, 

വലിയ ചിന്തകൾ 

എളിമയിലേക്ക് നയിക്കുന്നു!!

 *രചനകൾ* 

ചിന്തകൾ കോർത്തെടുത്താൽ 

തത്വചിന്ത! 

ഭാവനകൾ കോർത്തെടുത്താൽ 

കാവ്യമാല!

*ഫോക്കസ്* 

ചിത്രഗ്രാഹി നിന്നെ പകർത്തിയ, 

ഛായാചിത്രം മാഞ്ഞിട്ടും, മമ- 

മിഴിയാലെന്നുള്ളിൽ പതിപ്പിച്ച 

മധുചിത്രം മങ്ങാതിരിപ്പുണ്ടിപ്പോഴും; 

നീയെവിടെയാണെങ്കിലും!!?

 *കാവ്* 

വിഷക്കാറ്റുകൾ തളർന്നുറങ്ങുന്ന 

നിഗൂഢസ്ഥലി. 

ഊഷരതകളിലേക്ക് കുളിർധമനി 

പടർത്തുന്ന ജലകോശം. 

പുളഞ്ഞുയർന്നു കൊത്തുന്ന 

മോഹങ്ങളുടെ കാവൽക്കൂട്.

അന്തിത്തിരി നാളത്തിൽ 

നാമം ചൊല്ലുന്ന മുത്തശ്ശി!!

            *ഓടക്കുഴൽ* 

കരിവണ്ടുകൾ 

നെഞ്ചു തുളച്ച

മുളന്തണ്ടുകളിൽ- 

കാറ്റ് സ്വാന്ത്വനമായപ്പോൾ തേങ്ങലുകളുണർന്നു...! 

കാട്ടരുവിയുടെ 

ശ്രുതിയിൽ അതിനിണചേരാൻ

കണ്ണന്റെ ചുംബനം ദാഹിച്ചു..!!

*ഭൗമദിനം*

ഉറങ്ങുമ്പോഴും നമ്മെ-                  

മറിയാതെ കാക്കുന്ന, 

ഉരുളുന്ന ഭൂമിയ്ക്ക് - 

കരുതൽവേണം...!!

2021, ഏപ്രിൽ 7, ബുധനാഴ്‌ച

സ്വപ്നങ്ങൾ നിറഞ്ഞ തൂലിക


 


ചാറ്റൽമഴ, മണ്ണിൽ നീറി മരിക്കുന്ന-

കുംഭക്കൊടുംചൂട് വേവുന്ന, 

സന്ധ്യ പോൽ, 

നിന്നോർമ്മ പെയ്തുപോ,യെന്നിൽ 

പടരാതെ-                  

ഒട്ടുമേ തങ്ങാതെ മാഞ്ഞുപോയി! 


സാന്ധ്യഗസലുകൾ ചൊല്ലിയീസാഗര- 

നീല ഞൊറിത്തിര 

പ്രണയം നുരയ്ക്കവേ,                  

മണ്ണ് തുളച്ചുള്ളിൽ മാഞ്ഞുപോകും, 

ചെറു- 

ഞണ്ടുപോൽ 

ഞാനുമെന്നുള്ളിലേക്കാണ്ടുപോയ്..!


കനകമായാലും 

കനലിലുരുകുമെന്നേതോ- 

കടൽകിളി അറിവ് പാടി. 

കരളലിവില്ലാതെ 

കനകമണിഞ്ഞിട്ടു, കാര്യമെന്തെന്നെന്റെ 

മറുമൊഴിയും.

നാക്ക്, തളരാതെ വായിലുണ്ടെങ്കിലോ, 

വാക്കുകൾക്കാണോ നമുക്ക് പഞ്ഞം?! 

സ്മൃതികൾ തരംപോലെ 

അണിഞ്ഞു വരും 

ചിലർ-            

തത്ത്വവിചാരങ്ങൾ പങ്കുവയ്ക്കും!! 


ഉറവ വറ്റുന്നൊരെൻ ഹൃദയ ജലാശയം- 

നിറയുവാൻ നിന്റെ പ്രണയം വേണം.

കവിതേ,അതിനല്ലേ എന്നുടെ തൂലിക- 

കനവു നിറച്ചിങ്ങു കാത്തിരിപ്പൂ.

 -സുനിൽരാജ്സത്യ 

2021, മാർച്ച് 27, ശനിയാഴ്‌ച

ഉറവ



താൻപോരിമയുടെ 

പ്രത്യയശാസ്ത്രക്കറകൾ ഇളക്കി 

ഭാരതത്തിന്റെ ഭൂപടം 

തിളക്കം വരുത്തണം. 

ശോണഗന്ധമുള്ള 

അറവു ശാലകളിൽ നിന്നും, 

ആത്മീയാനുഭൂതിയുടെ 

അമ്പലങ്ങളിലേക്കു 

തീർത്ഥയാത്ര പോകണം! 

കൈയും, കത്തിയും 

തൊടാതെ, 

കമലങ്ങൾ വിരിയുന്ന 

തടാകത്തിൽ കുളിച്ചു 

ശുദ്ധമാകണം. 

ബിംബങ്ങൾ ഇല്ലാത്ത 

പ്രാർഥനകളുടെ നിഷ്ഫലതയിൽ 

ഭ്രമിച്ചവരെ- 

നേർവഴി നയിക്കണം. 

സംസ്കാരസാഗരങ്ങളിൽ

തീരങ്ങൾ 

കുളിരണിയണം; 

ഉറവകൾ ഉണരണം!!

 -സുനിൽരാജ്സത്യ 

ജനവിധി


 




മേഘങ്ങൾ ഇരമ്പുന്നു, 

നാഗങ്ങൾ ഇഴയുന്നു, 

ഘോരാട്ടഹാസങ്ങൾ- 

എങ്ങും മുഴങ്ങുന്നു! 


ഭീതിയാൽ മാനവൻ- 

മൗനം കുടിക്കുന്നു, 

ഭാരം ചുമക്കുവോർ-

കാൽ തളർന്നിരിക്കുന്നു! 


ശൂന്യം, വിമൂകം-

രാജപുരിക്കകം! 

രാജസിംഹാസനം- 

ഭദ്രമാം വിശ്രമം!! 


കൂപ്പിവന്നൂ, കൈകൾ- 

വാക്കിലോ തേൻ തൂവി, 

നോക്കിലെ പുണ്യവാൻ 

ചാക്കിലാക്കും!! 


ചാക്കിലായിപ്പോയാൽ  

നോക്കേണ്ട പിന്നഞ്ചു- 

കൊല്ലം, ശവം സമം- 

നിത്യനിദ്ര!!


-സുനിൽരാജ്സത്യ 


2021, മാർച്ച് 2, ചൊവ്വാഴ്ച

പൂർണ്ണത്രയീശൻ


 


✍🏽സുനിൽരാജ്സത്യ 


മാനവസംസ്കൃതിയെ രൂപപ്പെടുത്തുന്നതിൽ ക്ഷേത്രങ്ങൾ വഹിച്ച പങ്കിനെ കുറച്ചു കാണുന്നത് ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളിൽ പെടുന്ന കാര്യമായിത്തീർന്നിരിക്കന്നു. 

ആ രാഷ്ട്രീയത്തെ മൗഢ്യചിന്താഗതികളായിട്ടാണ് വിശ്വാസികളും ആചാര സംരക്ഷകരും കരുതിപ്പോരുന്നത്. 

രാജഭരണം അസ്തമിച്ചെങ്കിലും, അവയുടെ തിരുശേഷിപ്പുകൾ ചെറുതായെങ്കിലും നിലനിൽക്കുന്ന ഒരു നഗരമാണ് തൃപ്പൂണിത്തുറ! 

ഭാരതത്തിലെ തന്നെ മഹാക്ഷേത്രങ്ങളിലൊന്ന്ഈമണ്ണിൽ ആയതിനാൽ മഹാപുണ്യവാന്മാരത്രേ ഈ ദേശക്കാർ!

ഒട്ടനവധി വലുതും ചെറുതുമായ ക്ഷേത്രങ്ങളെ കൊണ്ട് അനുഗ്രഹീതമായ ഇവിടം ''ക്ഷേത്രനഗരി'' എന്ന പേരിൽ കൂടി അറിയപ്പെടുന്നു. 

ഒരു സാധു ബ്രാഹ്മണന്റെ ഉണ്ണികളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാണത്യാഗത്തിനൊരുങ്ങിയ പാർത്ഥനെ, ഭഗവാൻ ശ്രീകൃഷ്ണൻ വൈകുണ്ഠ നാഥന്റെയരികിൽ കൊണ്ടുവരികയും, അനന്ത സിംഹാസനത്തിൽ ശ്രീയോടും ഭൂമിയോടുമൊപ്പം ബ്രാഹ്മണ സന്തതികളെ പരിലാളിച്ചു കൊണ്ടിരിക്കുന്ന കാഴ്ച കണ്ടു പാർത്ഥൻ അത്ഭുതസ്തബ്ധനാവുകയും ചെയ്തു.

ബ്രാഹ്മണ കുട്ടികളെ, പാർത്ഥനെ തിരിച്ചേൽപ്പിച്ച ശേഷം, ഏതു രൂപത്തിൽ ആണോ വൈകുണ്ഠേശൻ ഇരുന്നിരുന്നത് അതേ രൂപത്തിൽ തന്റെ അഞ്ജന വിഗ്രഹം ഉണ്ടാക്കുകയും  കൃഷ്ണാർജുന്മാരെ ഏൽപ്പിക്കുകയും ചെയ്തു. 

ആ വിഗ്രഹം ശ്രീകൃഷ്ണന്റെ സാന്നിധ്യത്തിൽ പൂർണ്ണാ നദീതീരത്തുള്ള ഈ പുണ്യഭൂമിയിൽ അർജ്ജുനനൻ പ്രതിഷ്ഠിക്കുകയും ചെയ്തതായാണ്, പൂർണ്ണത്രയീശ ക്ഷേത്രൈതിഹ്യം. 

ഇത്, കലിയുഗം തുടങ്ങി 51ാം ദിവസമായിരുന്നുവത്രേ.

അനന്തഫണക്കുടക്കീഴിൽ, അനന്താസനത്തിൽ  പാലാഴി മദ്ധ്യത്തിൽ ഇരുവശങ്ങളിലും ഭൂമിയും, ലക്ഷ്മീദേവിയോടുമൊപ്പം ശ്രീലകത്ത് വാഴുന്നതായാണ് ഇവിടുത്തെ സങ്കല്പം. 

കൊച്ചി രാജകുടുംബത്തിന്റെ കീഴിലുണ്ടായിരുന്ന ഈ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡാണ് ഭരിക്കുന്നത്. 

ക്ഷേത്രചൈതന്യ വർധനയ്ക്ക് 5 പ്രധാന കാര്യങ്ങളാണ് പറയുന്നത്. 'ആചാര്യനിഷ്ഠ'കളാണ് പരമപ്രധാനം. 

അതുകഴിഞ്ഞാൽ 'വേദോപാസന'. 'നിയമം', 'ഉത്സവം', 'അന്നദാനം', ഇവയാണ് മറ്റു മൂന്നു കാര്യങ്ങൾ.

 ഈ അഞ്ചു കാര്യങ്ങളും ഈ ക്ഷേത്രത്തെ സംബന്ധിച്ച് അതിഗംഭീരമായി നടന്നുവരുന്നു. 

ഉത്സവ പെരുമയുടെ കാര്യത്തിലും പൂർണത്രയീശ ക്ഷേത്രം ഉയർന്നുതന്നെ നിൽക്കുന്നു.  

ബഹു കേമന്മാരായ  കലാകാരന്മാരെ അണിനിരത്തി കൊണ്ട്, ക്ഷേത്രകലകൾക്ക് തന്നെ  പ്രാധാന്യം നൽകിയുള്ള 

പരിപാടികളാണെല്ലാംതന്നെ.

പഞ്ചവാദ്യവും തായമ്പകയും അരങ്ങേറുന്ന നടപ്പുരയിലും, ആനക്കൊട്ടിലിലും തിങ്ങിനിറയുന്ന മേളഭ്രാന്തന്മാരുടെ ആവേശം കണ്ടറിയേണ്ടതൊന്നു തന്നെയാണ്. 

ഉത്സവത്തിന് 15 ആനകൾ 15 പഞ്ചാരികൾ ഉന്നതനിലവാരമുള്ള കഥകളിയും സംഗീതക്കച്ചേരിയും...ഓട്ടൻതുള്ളൽ...ഇങ്ങനെ നിരവധി...!!

ഈ ക്ഷേത്രപ്പെരുമ വർണ്ണിക്കാൻ, ഈയുള്ളവന്റെ തൂലികയ്ക്ക് പ്രാപ്തിപോരാതെവരും.  

ഈ തിരുനടയണഞ്ഞ്,തൊഴുതുനേടുന്ന സംതൃപ്തിയോ, പുണ്യമോ കേവലനാമെന്റെ ലിഖിതത്തിനു പകരാനാവില്ല, സത്യം.!

സാംസ്കാരിക പൈതൃകനഗരമെന്ന് വിശേഷിപ്പിക്കാവുന്ന തൃപ്പൂണിത്തുറയിൽ, RLV കോളേജ്, സംസ്കൃതകോളേജ്, ആയുർവ്വേദകോളേജ്, ഹിൽപാലസ് ചരിത്രമ്യൂസിയം, ഓയിൽ റിഫൈനറി....കൂടാതെ, കഥകളിക്ലബ്ബ്, സംഗീതസഭ, കൂടിയാട്ടകേന്ദ്രം...ഇവയുടെ പ്രവർത്തനങ്ങളും സജീവമാണ്.

കൊച്ചിമെട്രോയുടെ വരവ് തൃപ്പൂണിത്തുറ തൊട്ടസ്ഥിതിക്ക്, ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഈ ക്ഷേത്രത്തിന് കഴിഞ്ഞേക്കും.